ഡല്‍ഹി : സര്‍ക്കാര്‍ വസതി ഒഴിയാത്തതിനെ തുടര്‍ന്ന് മുന്‍ തൃണമൂല്‍ ലോക്സഭാ എംപി മഹുവ മൊയ്ത്രക്ക് നോട്ടീസ്. മൂന്ന് ദിവസത്തിനകം മറുപടി നല്‍കാനാണ് ഡി.ഒ.ഐയുടെ നിര്‍ദ്ദേശം. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ലോകസഭയില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് മഹുവയോട് ജനുവരി ഏഴിനകം സര്‍ക്കാര്‍ വസതിയൊഴിയാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് മഹുവ മൊയ്ത്ര കോടതി സമീപിച്ചിരുന്നെങ്കിലും ഹര്‍ജിയില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. സര്‍ക്കാര്‍ വസതിയില്‍ തുടരാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഡിഒഐയെസമീപിക്കാനാണ് ഡല്‍ഹി ഹൈക്കോടതി ടി.എം.സി നേതാവിനോട് ജനുവരി 4ന് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് ചോദ്യത്തിന് കോഴ വിവാദത്തില്‍ എത്തിക്‌സ് കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മഹുവയെ ലോകസഭയില്‍ നിന്നും പുറത്താക്കിയത്. ചോദ്യങ്ങള്‍ ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലെ എത്തിക്സ് കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മഹുവയെ ലോക്സഭയില്‍ നിന്ന് പുറത്താക്കിയത്.

മഹുവ തന്റെ ലോക്‌സഭാ പോര്‍ട്ടല്‍ ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ബിസിനസുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയുമായി പങ്കിട്ടുവെന്നും കമ്മിറ്റി കണ്ടെത്തിയിരുന്നു. ഹിരാനന്ദാനിയില്‍ നിന്ന് പണവും മറ്റ് പാരിതോഷികങ്ങളും സ്വീകരിച്ച മഹുവ തന്റെ പേരില്‍ ചോദ്യങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ വ്യവസായിയെ അനുവദിച്ചെന്നാണ് വാദം. ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ടാണ് മൊയ്ത്ര ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചതെന്നാണ് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചത്. ഡിസംബര്‍ 8-ന് ആണ് എത്തിക്സ് കമ്മറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്.

പിന്നാലെ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം മഹുവയെ എംപി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇതോടെ പ്രതിപക്ഷം വലിയ പ്രതിഷേധം സഭയില്‍ നടത്തി. ഇതിനിടെ എത്തിക്സ് കമ്മിറ്റിയുടെ നടപടി തെളിവില്ലാതെയാണെന്നും പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള ആയുധമാണെന്നും മഹുവ ആരോപിച്ചു. കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ സഭയില്‍ സ്വയം പ്രതിരോധിക്കാന്‍ അവസരം ലഭിച്ചില്ല.

തന്റെ മുന്‍ പങ്കാളിയും സുപ്രീം കോടതി അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയെയും ബിജെപി എംപി നിഷികാന്ത് ദുബെയെയും ക്രോസ് വിസ്താരം ചെയ്യാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അവര്‍ പറഞ്ഞു. എത്തിക്സ് പാനല്‍ റിപ്പോര്‍ട്ട് രണ്ട് സ്വകാര്യ വ്യക്തികളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും അവരുടെ ആരോപണങ്ങള്‍ പരസ്പര വിരുദ്ധമാണെന്നും മഹുവ വ്യക്തമാക്കിയിരുന്നു. ജയ് അനന്ത് ദേഹാദ്രായി ദുരുദ്ദേശ്യങ്ങള്‍ക്കായി എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഒരു സാധാരണ പൗരനായി അഭിനയിച്ചെന്നും അവര്‍ ആരോപിച്ചിരുന്നു.