കൂടത്തായി കേസ്; കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജോളിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

ന്യൂഡൽഹി കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതി ജോളി ജോസഫിന്റെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ഹർജി മൂന്നാഴ്‌ച കഴിഞ്ഞ് പരിഗണിക്കാനാണ് സുപ്രീം കോടതി മാറ്റിയത്. ജസ്‌റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മാറ്റിയത്.

കോഴിക്കോട് കൂടത്തായിയിൽ ബന്ധുക്കളായ ആറുപേരെ കൊലപ്പെടുത്തിയെന്ന കേസിലെ മുഖ്യപ്രതിയാണ് ജോളി ജോസഫ്. കേസിൽ തെളിവില്ലെന്നാണ് ജോളിയുടെ പ്രധാനമായും വാദിക്കുന്നത്. കേസിലെ വിചാരണ നിർത്തിവെക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. അഭിഭാഷകൻ സച്ചിൻ പവഹയാണ് ജോളിക്കായി കോടതിയിൽ ഹാജരായത്.

ജോളിയുടെ ഭർത്തൃമാതാവ് അന്നമ്മ തോമസ് ഉൾപ്പെടെ ഭർത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തിൽ പലപ്പോഴായി കൊല്ലപ്പെട്ടത്. 2019ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടിൽ 2002 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ മരിച്ചതോടെയാണ് ജോളി വാർത്തകളിൽ ഇടംപിടിക്കുന്നത്. കൂടത്തായി കൊലപാത പരമ്പര 2011 സെപ്റ്റംബർ 20നാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് കൊല്ലപ്പെട്ടത്. സയനൈഡ് ഭക്ഷണത്തിൽ ചേർത്തുനൽകി ജോളി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. റോയ് തോമസിന് പുറമേ ഭർതൃമാതാവ് അന്നമ്മ തോമസ്, ഭർതൃപിതാവ് ടോം തോമസ്, ഭർതൃമാതാവിന്റെ സഹോദരനായ എംഎം മാത്യു, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, ഇവരുടെ കുട്ടി ആൽഫൈൻ എന്നിവരെയും ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്.

കൊല്ലപ്പെട്ട റോയ് തോമസിന്റെ പിതാവിന്റെ പേരിൽ വ്യാജ വിൽപത്രം തയ്യാറാക്കി ഭൂമി പോക്കുവരവ് നടത്തിയെന്ന കേസും ജോളിയുടെ പേരിലുണ്ട്. 2019 ഒക്ടോബർ അഞ്ചിനായിരുന്നു കേസിൽ മുഖ്യപ്രതി ജോളി അറസ്‌റ്റിലായത്. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെ നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കൂടാത്തായിയിലെ ഞെട്ടിക്കുന്ന കൂട്ടക്കൊലപാതക വിവരം പുറംലോകത്തിന് മുന്നിൽ എത്തിയത്.

കൊല്ലപ്പെട്ട റോയ് തോമസിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ റോയിയുടെ സഹോദരൻ റോജോ തോമസ് വടകര റൂറൽ എസ്‌പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട പരാതി കൈമാറിയതോടെയാണ് കൊടും കുറ്റകൃത്യത്തിന്റെ ചുരുളഴിഞ്ഞത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments