മോഹൻലാൽ അഭിനയിച്ച് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് നേര്. ഏറെക്കാലത്തിന് ശേഷമാണ് ഒരു മോഹൻലാൽ ചിത്രത്തിന് കംപ്ലീറ്റ് പോസിറ്റീവ് റെസ്പോൺസ് കിട്ടുന്നത് എന്ന പ്രത്യേകതയുമായി കുതിപ്പ് തുടങ്ങിയ ചിത്രമിപ്പോൾ കളക്ഷൻ റെക്കോർഡുകളിൽ എതിരാളികളില്ലാതെ മുന്നേറുകയാണ്.

പ്രശാന്ത് നീലിന്റെയും പ്രഭാസിന്റെയും കരിയറിലെ ഏറ്റവും വലിയ ചിത്രമായ സലാർ, രാജ്‌കുമാർ ഹിറാനി-ഷാരൂഖ് ചിത്രമായ ഡങ്കി എന്നിവയ്‌ക്കൊപ്പം തിയേറ്ററുകളിൽ എത്തിയ ചിത്രം പക്ഷേ കേരള ബോക്‌സ് ഓഫീസിൽ മറ്റൊരു സിനിമയ്ക്കും ചെറിയ അവസരം പോലും നൽകിയില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ആഗോള കളക്ഷൻ 80 കോടി പിന്നിട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുതുവർഷത്തിലും പല തിയേറ്ററുകളിലും നിറഞ്ഞ സദസുകൾക്ക് മുൻപിലാണ് സിനിമയുടെ പ്രദർശനം തുടരുന്നത്. സ്ക്രീൻ കൗണ്ടിൽ ഒരു കുറവും സംഭവിക്കാതെ മൂന്നാം വാരാം പിന്നിട്ട ചിത്രത്തിന്റെ കളക്‌ഷൻ 80 കോടി പിന്നിട്ടു കഴിഞ്ഞു. മലയാളത്തിൽ നിന്നുള്ള അടുത്ത 100 കോടി ചിത്രമാവാൻ ഉള്ള ശ്രമത്തിൽ കൂടിയാണ് നേര് ഇപ്പോൾ.

ക്രിസ്‌മസ് റിലീസ് ആയി വമ്പൻ സിനിമകൾക്ക് ഒപ്പമാണ് ഡിസംബർ 21ന് നേര് തിയറ്ററുകളിലെത്തിയത്. ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ മികച്ച സ്വീകാര്യതയും, പ്രേക്ഷക പ്രശംസയും നേടിയതോടെ ചിത്രത്തിന്റെ ഭാവി തീരുമാനിക്കപ്പെട്ടിരുന്നു. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും സിനിമ സ്വന്തമാക്കുകയുണ്ടായി.