നയൻതാരയുടെ പുതിയ ചിത്രമായ അന്നപൂരണി വിവാദത്തിൽ. ഹിന്ദു ദൈവമായ രാമനെ കുറിച്ചുള്ള പരാമർശമാണ് വിവാദമായിരിക്കുന്നത്. അടുത്തിടെ നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്‌ത ചിത്രത്തിൽ നയൻതാരയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിച്ച അന്നപൂരണിക്ക് എതിരെ ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തി എന്ന ആരോപണമാണ് ഉയർന്നു വന്നിരിക്കുന്നത്.

ചിത്രം ‘ഹിന്ദു സമൂഹത്തിന്റെ വികാരം’ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മുൻ ശിവസേന നേതാവ് രമേഷ് സോളങ്കി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ശ്രീരാമൻ ‘മാംസാഹാരം കഴിക്കുന്നയാളാണ്’ എന്ന് പറയുന്നതുൾപ്പെടെ ചില വിവാദ രംഗങ്ങൾ ഉൾപ്പെടെ അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെ തന്റെ എക്‌സ് പോസ്‌റ്റിലൂടെ ചിത്രത്തിനെ കടുത്ത ആരോപണവുമായി സോളങ്കി രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്‌.

“ഹിന്ദു വിരുദ്ധ സീ, ഹിന്ദു വിരുദ്ധ നെറ്റ്ഫ്ലിക്‌സ് എന്നിവയ്‌ക്കെതിരെ ഞാൻ പരാതി നൽകിയിട്ടുണ്ട്. ഭഗവാൻ ശ്രീരാമ മന്ദിറിന്റെ പ്രാണ പ്രതിഷ്ഠയ്ക്കായി ലോകം മുഴുവൻ സന്തോഷത്തിൽ ആയിരിക്കുമ്പോഴാണ്, സീ സ്‌റ്റുഡിയോസും നാഡ് സ്‌റ്റുഡിയോസും ട്രൈഡന്റ് ആർട്‌സും ചേർന്ന് നിർമ്മിച്ച ഈ ഹിന്ദു വിരുദ്ധ ചിത്രം അന്നപൂരണി നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്‌തത്‌” തന്റെ പരാതിയുടെ പകർപ്പ് ഉൾപ്പെടെ ചേർത്തുകൊണ്ട് സോളങ്കി എക്‌സിൽ കുറിച്ചു.

ചിത്രത്തിലെ അപകീർത്തികരമെന്ന് തനിക്ക് തോന്നിയ മൂന്ന് രംഗങ്ങളും അദ്ദേഹം പോസ്‌റ്റിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചിത്രം ലവ് ജിഹാദിനെ പ്രമോട്ട് ചെയ്യുകയാണെന്നും, രാമൻ മാസം കഴിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതായും സോളങ്കി ആരോപിക്കുന്നു. മുംബൈ പോലീസിനോടും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോടും സിനിമയ്‌ക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സോളങ്കി ആവശ്യപ്പെട്ടു. എന്നാൽ വിവാദത്തിൽ ഇതുവരെ നെറ്റ്ഫ്ലിക്സോ നായികയായി അഭിനയിച്ച നയൻതാരയോ മറ്റ് അണിയറ പ്രവർത്തകരോ പ്രതികരിച്ചിട്ടില്ല. സംവിധായകൻ നിലേഷ് കൃഷ്‍ണ ഒരുക്കിയ ചിത്രത്തിൽ നയൻതാര ഒരു ഷെഫായിട്ടാണ് വേഷമിട്ടത്. നയൻതാരയെ കൂടാതെ ജയ്, കെഎസ് രവികുമാർ, സുരേഷ് ചക്രവർത്തി ആരതി ദേശയി, രേണുക, കാർത്തിക് കുമാർ, ചന്ദ്രശേഖർ, റെഡിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

സത്യ ഡിപിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. തിരക്കഥ ഒരുക്കിയതാവട്ടെ സംവിധായകനായ നിലേഷ് കൃഷ്‍ണ തന്നെയായിരുന്നു. ജതിൻ സേതിയാണ് നിർമ്മാണം. എസ് തമനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.