തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് പുതുവത്സര വിരുന്നിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷണക്കത്ത് രാജ്ഭവനിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോകാത്തത് എന്തെന്ന് മാധ്യമപ്രവർത്തകർ അന്വേഷിക്കണം. ഇത്തരം കാര്യങ്ങളിൽ മറുപടി പറയാൻ താത്പര്യമില്ല. തന്നോട് ചോദിക്കുന്നത് പോലെ മുഖ്യമന്ത്രിയോടും കാര്യങ്ങൾ ചോദിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബി.ജെ.പി ടിക്കറ്റിൽ കേരളത്തിൽ നിന്ന് മത്സരിക്കണമെന്ന് ബൃന്ദ കാരാട്ടിന്റെ വെല്ലുവിളിക്ക് എപ്പോഴെങ്കിലും അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്ന് ഗവർണർ തിരിച്ചടിച്ചു.
അതേസമയം, മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ഗവർണറെ ക്ഷണിച്ചിരുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗവർണർ എത്തുമ്പോൾ സുരക്ഷാ മുന്നൊരുക്കങ്ങളും പ്രോട്ടോകോൾ പ്രകാരമുള്ള നടപടികളും കാരണം മറ്റ് അതിഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനാണ് ഗവർണറെ ഒഴിവാക്കിയിരുന്നതെന്നായിരുന്നു വിശദീകരണം.
നേരത്തെ, ഗവർണറുടെ വിരുന്നിലേക്ക് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും ക്ഷണിച്ചിരുന്നെങ്കിലും അവർ പങ്കെടുത്തിരുന്നില്ല. സർക്കാരുമായി ഗവർണർ ശത്രുതാപരമായ സമീപനം സ്വീകരിക്കുന്ന സാഹചര്യത്തിൽ സഹകരിക്കേണ്ടതില്ലെന്നായിരുന്നു സർക്കാർ തീരുമാനം