കൊച്ചി: അതിജീവിതയ്ക്ക് എതിരായ ലൈംഗിക അതിക്രമ കേസിൽ കീഴടങ്ങാൻ കൂടുതൽ സമയം തേടി മുൻ ഗവൺമെന്റ് പ്ലീഡർ പി ജി മനു നൽകിയ ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കീഴടങ്ങാൻ നൽകിയ സമയപരിധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് ഉപഹർജി സമർപ്പിച്ചത്. 10 ദിവസം കൂടി സാവകാശം നൽകണമെന്നാണ് പി ജി മനുവിന്റെ ആവശ്യം.

മുൻപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും പി ജി മനുവിനോട് കീഴടങ്ങണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചു.

എന്നാൽ സുപ്രീം കോടതിയുടെ പരിഗണനാ പട്ടികയിൽ മുൻകൂർ ജാമ്യാപേക്ഷ ഇടംപിടിച്ചിട്ടില്ല. ഇതോടെ ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കീഴടങ്ങാൻ പി ജി മനു സാവകാശം തേടി. ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിക്കുന്നത്.

തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ പരാതിക്ക് പിന്നി‌ലെന്നും വ്യാജ മൊഴിയാണ് പരാതിക്കാരി നൽകിയതെന്നുമാണ് പി ജി മനുവിന്റെ ആരോപണം. കേസിനെ തുട‌ർന്ന് പി ജി മനുവിൽ നിന്ന് രാജി എഴുതി വാങ്ങിയിരുന്നു. യുവതിയുടെ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.

2018 ലാണ് സംഭവം. കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നൽകാനെന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

എന്നാൽ മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞില്ലെന്നാണ് അഭിഭാഷക പറയുന്നത്. പിന്നീട് ഒക്ടോബർ ഒൻപതിനും 10നും പീഡനം നടന്നുവെന്നും യുവതി ആലുവ റൂറൽ എസ് പി ക്ക് നൽകിയ പരാതിയിൽ പറയുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.