
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻ ലാലിൻ്റെ എമ്പുരാൻ സിനിമയുടെ ടീസർ മ്യൂസിക് പ്ലേ ചെയ്യുന്നതിന്റെ ചിത്രം പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതോടെ ടീസർ അടുത്ത ദിവസങ്ങളിൽ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
പൃഥ്വി പങ്കുവെച്ച ചിത്രത്തിലെ മ്യൂസിക്കിന്റെ ദൈർഘ്യം രണ്ട് മിനിറ്റ് 10 സെക്കന്റ് എന്ന് കാണിക്കുന്നുണ്ട്. മാർച്ച് 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നിവർക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.
2019 ആണ് എമ്പുരാൻ പ്രഖ്യാപിച്ചത്. 2023 ഒക്ടോബറിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.യുകെ, യുഎസ്, റഷ്യ എന്നിവിടങ്ങളാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ.
എമ്പുരാൻ്റെ റിലിസ് ദിവസം പ്രഖ്യാപിച്ചപ്പോൾ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ;
“8 സംസ്ഥാനങ്ങളിലൂടെയും 4 രാജ്യങ്ങളിലൂടെയുമുള്ള 14 മാസത്തെ അവിശ്വസനീയമായ യാത്രയായിരുന്നു എമ്പുരാൻ എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പൃഥിരാജ് സുകുമാരൻ്റെ ക്രിയാത്മകത ഓരോ ഫ്രെയിമിലുമുണ്ട്. ഈ സിനിമയുടെ കാതൽ രൂപപ്പെടുത്തുന്ന ദർശനാത്മകമായ കഥപറച്ചിലിന് മുരളി ഗോപിക്ക് വലിയ നന്ദി. ഈ പ്രോജക്റ്റിലുള്ള അചഞ്ചലമായ വിശ്വാസത്തിന് ആൻ്റണി പെരുമ്പാവൂരിനും വിലമതിക്കാനാകാത്ത പിന്തുണ നൽകിയ സുബാസ്കരനും ലൈക്ക പ്രൊഡക്ഷൻസിനും ഹൃദയം നിറഞ്ഞ നന്ദി. ഈ കഥയ്ക്ക് ജീവൻ നൽകിയ അർപ്പണബോധമുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും ഇല്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.ഒരു കലാകാരൻ എന്ന നിലയിലുള്ള എൻ്റെ യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് എമ്പുരാൻ, അത് ഞാൻ എപ്പോഴും നിധിപോലെ സൂക്ഷിക്കും. പ്രേക്ഷകർക്ക്, നിങ്ങളുടെ സ്നേഹവും പിന്തുണയും ഓരോ ചുവടിലും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ വരാനുണ്ട്!..