ലൈഫ് മിഷൻ പ്രതിസന്ധിയിൽ. ബജറ്റിൽ വകയിരുത്തിയ തുക അനുവദിക്കാത്ത ധനമന്ത്രി ബാലഗോപാലിന്റെ നടപടിയാണ് ലൈഫ് മിഷനെ പ്രതിസന്ധിയിലാക്കിയത്. 717 കോടിയാണ് ലൈഫ് മിഷന് 2023 – 24 ലെ ബജറ്റിൽ വകയിരുത്തിയത്. 3.45 ശതമാനം മാത്രമാണ് ലൈഫ് മിഷന് അനുവദിച്ചിരിക്കുന്നത് എന്ന് പ്ലാനിംഗ് ബോർഡ് കണക്കുകൾ വ്യക്തമാക്കുന്നു.
717 കോടി ബജറ്റിൽ വകയിരുത്തിയിട്ട് ബാലഗോപാൽ കൊടുത്തത് 25 കോടി മാത്രം. ലൈഫ് മിഷന്റെ ചുമതലയുള്ള മന്ത്രി എം.ബി രാജേഷ് മന്ത്രിസഭയോഗത്തിൽ അണ്ടി പരിപ്പ് തിന്ന് സമയം കളയുകയാണ്.
ധനവകുപ്പിന്റെ അവഗണന മന്ത്രിസഭ യോഗത്തിൽ ഉന്നയിക്കാൻ പോലും എം.ബി. രാജേഷ് തയ്യാറാകുന്നില്ല. 9 ലക്ഷം പേരാണ് ലൈഫ് മിഷൻ വീടിന് വേണ്ടി കാത്ത് നിൽക്കുന്നത്. വീട് നിർമ്മാണം തുടങ്ങിയതാകട്ടെ പണം ലഭിക്കാത്തത് മൂലം നിശ്ചലമായിരിക്കുകയാണ്. 4 ലക്ഷം രൂപയാണ് ലൈഫ് മിഷൻ വഴി വീട് നിർമ്മിക്കാൻ നൽകുന്നത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ചാണക കുഴി നിർമ്മിക്കാൻ നൽകിയത് 3.72 ലക്ഷവും. ഈ വർഷം ആദ്യം ജനുവരി ഒന്നാം തീയ്യതി മലയാളം മീഡിയയാണ് ക്ലിഫ് ഹൗസിൽ ചാണകകുഴി നിർമ്മിക്കാൻ 3.72 ലക്ഷം ചിലവായ വാർത്ത പുറത്ത് വിട്ടത്. ഈ കണക്ക് പുറത്ത് വന്നതോടെയാണ് ലൈഫ് മിഷന് അനുവദിച്ചിരിക്കുന്ന തുകയുടെ വിശദാംശം പ്ലാനിംഗ് ബോർഡ് പുറത്ത് വിട്ടിരിക്കുന്നത്. പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാനും ചാണക കുഴിക്കും ഒരേ തുക നൽകുന്നത് നീതികരിക്കാൻ സാധിക്കുന്നതല്ല. ചാണക കുഴി നിർമ്മിക്കാൻ പണം കൊടുക്കുന്ന ബാലഗോപാൽ ലൈഫ് മിഷന് പണം നൽകാത്തത് എന്താണ് എന്ന ചോദ്യമാണ് ഉയരുന്നത്. ബാലഗോപാലിന്റേയും എം.ബി രാജേഷിന്റെയും അവഗണന മൂലം ലൈഫ് മിഷന് വീടിന് അപേക്ഷിച്ച 9 ലക്ഷം കുടുംബങ്ങൾ പെരുവഴിയിലാണ്.