തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാംപാദത്തില്‍ പുതിയ മന്ത്രിമാർ വരുന്നതോടെ നിലവിലെ മന്ത്രിമാരുടെ ചുമതലയിലും മാറ്റം വരുത്താൻ ആലോചന. കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതോടെ മന്ത്രിസഭയുടെ രൂപം മാറുന്നതിനോടൊപ്പം പ്രതിച്ഛായ വീണ്ടെടുക്കാൻ സിപിഎം മന്ത്രിമാരുടെ വകുപ്പുകൾ അഴിച്ച് പണിയാനാണ് ആലോചന.
പല വകുപ്പുകളിലും മന്ത്രിമാരുടെ പ്രകടനം ശരാശരിക്കും താഴെയാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് മാറ്റി പരീക്ഷിക്കാൻ മുഖ്യമന്ത്രി ഒരുങ്ങുന്നത്.
ദേവസ്വം, ആരോഗ്യം, സിനിമ, വിദ്യാഭ്യാസം, എക്സൈസ് വകുപ്പുകളിൽ മാറ്റം ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചനകൾ. മുഖ്യമന്ത്രിയുടെ നീക്കം ചോർന്നു കിട്ടിയതിനെ തുടർന്നാണ് സിനിമ വകുപ്പ് ഗണേഷ്കുമാർ ആവശ്യപ്പെട്ടത്. എന്നാല്‍ സിപിഎം ഭരിക്കുന്ന വകുപ്പുകള്‍ ഘടകകക്ഷികളിലേക്ക് മാറ്റാൻ പാർട്ടി തയ്യാറാല്ല. എങ്കിലും പ്രകടനം മെച്ചപ്പെടുത്താൻ ഒരു മാറ്റം വേണമെന്ന അഭിപ്രായത്തിലാണ് പാർട്ടി.
ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പാണു ഗണേഷിനു ലഭിക്കുക. സിനിമ വകുപ്പ് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കത്തു നൽകിയിരുന്നെന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും അങ്ങനൊരു കത്തില്ലെന്ന് ഗണേഷ് കുമാറിന് വ്യക്തമാക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടെ നിലപാട് കാരണമാണ്.
തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായാണു വീണ്ടും രാമചന്ദ്രൻ കടന്നപ്പള്ളി രണ്ടാം പിണറായി മന്ത്രിസഭയിൽ എത്തുന്നത്. ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസ് കടന്നപ്പള്ളി രാമചന്ദ്രനും അഹമ്മദ് ദേവർകോവിലിന്റേതു ഗണേഷിനും നൽകും. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണ് കടന്നപ്പള്ളിക്കു കിട്ടുക.
വൈകിട്ട് നാലിനാണു ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഔദ്യോഗിക വസതി വേണ്ടെന്നു ഗണേഷ് അറിയിച്ചിട്ടുണ്ട്. രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
ചടങ്ങ് ബഹിഷ്കരിക്കുമെന്നു പ്രതിപക്ഷം അറിയിച്ചു. 22 വർഷം മുൻപ് അച്ഛൻ ആർ.ബാലകൃഷ്ണപിള്ളയുടെ പകരക്കാരനായാണ് ഗണേഷ് ആദ്യമായി മന്ത്രിക്കസേരയിലെത്തിയത്. 22 മാസത്തിനു ശേഷം, കുറ്റവിമുക്തനായ അച്ഛനു വേണ്ടി സ്ഥാനമൊഴിഞ്ഞു. സിനിമയിൽ സജീവമായി നിന്ന കാലത്താണ് 2001ൽ കേരള കോൺഗ്രസ് (ബി) സ്ഥാനാർഥിയായി ഗണേഷ് പത്തനാപുരത്തു മത്സരിക്കുന്നത്.
5 തവണ പത്തനാപുരത്തെ പ്രതിനിധീകരിച്ചു. മൂന്നാം തവണയാണ് മന്ത്രിപദവി. ആദ്യ തവണ ആന്റണി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി. രണ്ടാം തവണ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വനം, സിനിമ മന്ത്രിയായി. എൽഡിഎഫിലെത്തിയപ്പോൾ ആദ്യ തവണ എംഎൽഎയായി നിൽക്കേണ്ടിവന്നു. രണ്ടാം പിണറായി സർക്കാരിൽ ഒരു എംഎൽഎ മാത്രമുള്ള ഘടക കക്ഷികൾക്കും മന്ത്രിസ്ഥാനം നൽകാനുള്ള തീരുമാനപ്രകാരമാണ് ഗണേഷ് മന്ത്രിയാകുന്നത്.
1980ൽ ഇരിക്കൂറിൽനിന്ന് എംഎൽഎ ആയെങ്കിലും രാമചന്ദ്രൻ കടന്നപ്പള്ളി ആദ്യമായി മന്ത്രിയായത് 29 വർഷങ്ങൾക്കു ശേഷമാണ്. വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ ദേവസ്വം വകുപ്പ് നൽകി കടന്നപ്പള്ളിയെ മന്ത്രിസഭയിലെടുത്തു.
2016ൽ പിണറായി മന്ത്രിസഭയിൽ മന്ത്രി സ്ഥാനം ലഭിച്ചു. മൂന്നാം തവണ മന്ത്രിയാകുന്നതു രണ്ടര വർഷം ഇടവേളയ്ക്കു ശേഷം. എ.കെ.ആന്റണിയോടൊപ്പം ഇടതുപക്ഷത്തെത്തിയ കടന്നപ്പള്ളി, ആന്റണി പിന്നീട് മുന്നണി മാറിയപ്പോഴും ഇടതുതാവളത്തിൽ തുടരുകയായിരുന്നു. രണ്ടു തവണ ദേവസ്വം വകുപ്പും ഒരുതവണ തുറമുഖ വകുപ്പും കൈകാര്യം ചെയ്ത കടന്നപ്പള്ളിക്ക് ഇത്തവണ തുറമുഖ വകുപ്പ് ലഭിക്കും.
- തമിഴ്നാട്ടിൽ ഡിഎംകെയെ വെട്ടിവീഴ്ത്താൻ വിജയ് ! പ്ലാനുകൾ ഇതാണ്…
- മദ്രാസ് റേസ് ക്ലബ് പാട്ടം അവസാനിപ്പിച്ച കേസ്: ഹൈക്കോടതി അടിയന്തര അപ്പീൽ ഇന്ന് പരിഗണിക്കും
- ചൊവ്വയിലെ സ്മൈലി ഫെയ്സ് കണ്ട് അമ്പരന്ന് ശാസ്ത്രജ്ഞര്
- ആസ്ത്രേലിയന് മന്ത്രിസഭയില് മലയാളി സാന്നിധ്യം
- ‘രാക്ഷസൻ’ ചിത്രത്തിൻ്റെ നിര്മാതാവ് ദില്ലി ബാബു അന്തരിച്ചു