ഇനിയൊരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ല, പണമാണ് വേണ്ടതെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞു; ഡോ ഷഹനയുടെ ആത്മഹത്യാക്കുറിപ്പ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പി.ജി. വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ഷഹനയുടെ ആത്മഹത്യാക്കുറിപ്പിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.

സുഹൃത്തായിരുന്ന ഡോ. റുവൈസ് മുഖത്തുനോക്കി സ്ത്രീധനം ആവശ്യപ്പെട്ടെന്ന് ഷഹന ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ചതിയുടെ മുഖംമൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ല. ഇനി ഒരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

റുവൈസിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങളുള്ളത്.

”അവനെ മനസ്സിലാക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ പെട്ടുപോയി. അവന്‍ അണിഞ്ഞിരിക്കുന്ന ചതിയുടെ മുഖം മൂടി എനിക്ക് മാറ്റാന്‍ കഴിഞ്ഞില്ല. ഈ ലോകം എന്താണിങ്ങനെ? അവനു പണമാണ് വേണ്ടതെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാന്‍ എന്തിനു ജീവിക്കണം? ജീവിക്കാന്‍ എനിക്കു തോന്നുന്നില്ല. ഈ ചതിക്കു പകരമായി നല്ല രീതിയില്‍ ജീവിച്ചു കാണിച്ചു കൊടുക്കേണ്ടതാണ്. പക്ഷേ, ഭാവിയിലേക്കു നോക്കുമ്പോള്‍ ബ്ലാങ്ക് ആണ്. ഇനിയും ഒരാളെ സ്‌നേഹിക്കാനോ വിശ്വസിക്കാനോ കഴിയുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് മരിക്കുകയാണ്. എന്റെ മുന്നിലുള്ള ഏകമാര്‍ഗം.”

ഇതാണ് ആത്മഹത്യാക്കുറിപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റുവൈസിനെ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യങ്ങള്‍ ശരിയാണെന്നു സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മൂന്നുപേജുള്ള ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷമാണ് ഡോ. ഷഹന ജീവനൊടുക്കിയത്. മെഡിക്കല്‍ കോളജ് ക്യാംപസില്‍ വച്ചു തന്നെയാണ് റുവൈസ് സ്ത്രീധനം ചോദിച്ചത്. ഇതേ ചൊല്ലിയാണ് ഷഹനയുമായി ഏറ്റവും അവസാനം പിണങ്ങുന്നതും.

ഇതിനുശേഷം അധികം കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ റുവൈസ് സമ്മതിച്ചു. സ്ത്രീധനം ചോദിച്ചതും അത് കോളജില്‍ വച്ചു തന്നെ ചോദിച്ചതുമാണ് ഷഹനയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഡോ. ഷഹന തന്റഫെ സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിന്റെ മൊഴി പൊലീസ് തള്ളി. ഇരുവരും അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തിയ ചിത്രങ്ങളും പൊലിസ് കോടതിയില്‍ നല്‍കി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോളേജ് ക്യാമ്പസില്‍ വച്ചാണ് റുവൈസ് ഷഹനയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പ്രതി ഇക്കാര്യം സമ്മതിച്ചതായും റുവൈസിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് ഹൈകോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

ഡോ. റുവൈസ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഷഹനയുടെ ആത്മഹത്യയില്‍ പങ്കില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസിന്റെ ആരോപണം. പൊലീസിനെ വിമര്‍ശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയില്‍ റുവൈസിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

സ്ത്രീധനം ചോദിക്കുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ ഹൈക്കോടതി ജഡ്ജി പറഞ്ഞിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാല്‍ വിവാഹം വേഗം വേണമെന്ന് ഷഹന നിര്‍ബന്ധിച്ചിരുന്നതായും അത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments