ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന്റെ 22 ആം വാര്‍ഷികദിനത്തില്‍ സംഭവിച്ച സുരക്ഷാവീഴ്ചയുടെ ഞെട്ടലിലാണ് രാജ്യം. സുരക്ഷാ സന്നാഹങ്ങളെയൊക്കെ മറികടന്ന യുവാക്കളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

സര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണമെന്നാണ് പിടിയിലായവരുടെ മൊഴി. സ്വാതന്ത്ര സമര സേനാനി ഭഗത് സിങിനെ അനുകരിക്കാനാണ് ശ്രമിച്ചതെന്നാണ് പ്രതികള്‍ പറയുന്നത്. ഇത്തരം പ്രതിഷേധത്തിന് ജനുവരി മുതല്‍ തന്നെ ആലോചനകള്‍ തുടങ്ങിയെന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് വ്യക്തമാകുന്നത്. ഇനിയും ഒരാളെ കൂടി സംഭവവുമായി ബന്ധപ്പെട്ട് പിടികൂടാനുണ്ടെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. പ്രതിഷേധം ഇന്‍സ്റ്റഗ്രാമില്‍ ലൈവായി നല്‍കിയ ലളിത് ഝായ്ക്കാണ് തെരച്ചില്‍ നടക്കുന്നത്.

ഭഗത് സിങ് എന്ന ഗ്രൂപ്പിന്റെ ഭാഗമായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. പ്രതികളിലൊരാളായ മനോരഞ്ജന്‍ മണ്‍സൂണ്‍ സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ സന്ദര്‍ശകനായി എത്തുകയും ചെയ്തു. ഇന്നലെ ലോക്‌സഭയില്‍ കയറുന്നതിനായി പ്രാദേശിക എം.പിയായ പ്രതാപ് സിന്‍ഹയുടെ സ്റ്റാഫ് വഴിയാണ് പാസ് എടുത്തത്. വിവിധ ട്രെയിനുകളില്‍ മൂന്ന് ദിവസം മുന്‍പാണ് എല്ലാവരും ദില്ലിയിലെത്തിയത്. വിശാല്‍ ശര്‍മ്മ ഇവരെ ഗുരുഗ്രാമില്‍ എത്തിച്ചു.

പ്രതിഷേധം നടക്കുമ്പോള്‍ ലളിത് ഝായും പാര്‍ലമെന്റിന് പുറത്തുണ്ടായിരുന്നു. ഇയാള്‍ പ്രതിഷേധം ഇന്‍സ്റ്റാഗ്രാമില്‍ തത്സമയം നല്‍കി സര്‍ക്കാരിന്റെ കര്‍ഷക സമരം, മണിപ്പുരടക്കം വിഷയങ്ങളിലെ എതിര്‍പ്പ് പ്രതിഷേധത്തിന് കാരണമായെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ഇതിനിടെ, പ്രതികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസെടുത്തു. പാര്‍ലമെന്റ് സുരക്ഷയ്ക്കുള്ള കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ച ആഴ്ച തന്നെ ആണ് ഇങ്ങനെ ഒരു അതിക്രമം നടന്നത്. പ്രധാനമന്ത്രി അമിത് ഷായോടും സ്പീക്കറോടും സംസാരിച്ചു. രാത്രിയില്‍ അടിയന്തര സുരക്ഷാ യോഗം ചേര്‍ന്നു. പിടിയിലാവര്‍ക്ക് ഭീകരബന്ധം ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. യു.എ.പി.എക്ക് പുറമെ, ക്രിമിനല്‍ ഗൂഢാലോചന, അതിക്രമിച്ച് കടക്കല്‍ അടക്കം വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ദില്ലി പൊലീസ് ചുമത്തിയിട്ടുണ്ട്.

അന്വേഷണം പൂര്‍ണ്ണമായി ദില്ലി പൊലീസ് സെപ്ഷ്യല്‍ സെല്ലിന് കൈമാറും. കേന്ദ്ര ഏജന്‍സിക്ക് വിടണോ എന്നതില്‍ പിന്നീടായിരിക്കും തീരുമാനം. ഇന്ന് രാവിലെ വീണ്ടും പ്രതികളെ പൊലീസ് ചോദ്യം ചെയ്യും. ഇതിനിടെ, സുരക്ഷാവീഴ്ച പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. പാര്‍ലമെന്റില്‍ അമിത്ഷായുടെ പ്രസ്താവന ആവശ്യപ്പെടും. രാഷ്ട്രപതിയെ കാണാനും പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്. പാര്‍ലമെന്റ് സുരക്ഷയ്ക്കുള്ള കൂടുതല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചത് ഈയാഴ്ച. ഇതിനിടെയാണ് അതിക്രമം ഉണ്ടാകുന്നത്.