തിരുവനന്തപുരത്തേക്ക് ശക്തരായ ആർക്കും സ്വാഗതമെന്ന് ശശി തരൂര്‍; ജയം ഉറപ്പിച്ച് മനോരമയും

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ ശക്തരായ ആർക്കും സ്വാഗതമെന്ന് ശശി തരൂർ എം.പി. തിരുവനന്തപുരത്ത് വോട്ട് ശതമാനം കൂട്ടി ശശിതരൂർ വിജയിക്കുമെന്ന് മനോരമ ന്യൂസ് വി.എം.ആർ സർവ്വേ ഫലം എക്സിൽ (ട്വിറ്റർ) പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ പ്രതികരണം.

തരൂരിനെ വീഴ്ത്താൻ ശക്തരായ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനോ ഐടി മന്ത്രി രാജീവ് ചന്ദ്രശേഖരോ ഇറങ്ങുമെന്നാണ് കേൾക്കുന്നതെന്നും ആര് ഇറങ്ങിയാലും തരൂർ വിജയിക്കുമെന്നുമുള്ള കോൺഗ്രസ് പ്രവർത്തകൻ വിജയ് തോട്ടത്തിൽ എക്സിൽ കുറിച്ചിരുന്നു. ഇത് ഷെയർ ചെയ്തു കൊണ്ടാണ് തരൂർ പ്രതികരിച്ചത്

മൂന്നുവട്ടം എംപിയായിട്ടും തിരുവനന്തപുരത്ത് ശശി തരൂരിന്റെ ജനപ്രീതിക്ക് ഇടിവില്ലെന്നാണ് സര്‍വേയില്‍ പങ്കെടുത്ത 52 ശതമാനം പേരും അഭിപ്രായപ്പെട്ടത്. എംപി എന്ന നിലയില്‍ ശശി തരൂരിന്റെ പ്രകടനത്തില്‍ തൃപ്തരാണ്. തരൂരിന്റേത് വളരെ മികച്ച പ്രകടനമെന്ന് 9 ശതമാനം പേരും മികച്ചതെന്ന് 42.29 ശതമാനവും അഭിപ്രായപ്പെട്ടു.

ശരാശരി പ്രകടനം എന്ന് വിലയിരുത്തിയത് 39.71 ശതമാനം പേര്‍. തീര്‍ത്തും മോശമെന്ന് അഭിപ്രായമുള്ളവര്‍ 2.29 ശതമാനം മാത്രം. 6.71 ശതമാനം പേര്‍ തരൂരിന്റെ പ്രകടനത്തില്‍ തൃപ്തരല്ല. 2024 ലോക്സഭാതിരഞ്ഞെടുപ്പിലും തരൂര്‍ അല്ലാതെ മറ്റൊരു പേര് തിരുവനന്തപുരത്ത് പറഞ്ഞുകേള്‍ക്കാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ പകരുന്നതാണ് ഈ പ്രതികരണങ്ങള്‍.

കോണ്‍ഗ്രസും സിപിഐയും തമ്മില്‍ കാലങ്ങളായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടക്കുന്ന തിരുവനന്തപുരം മണ്ഡലം 2009 മുതല്‍ ശശി തരൂരിന്റെ കോട്ടയാണ്. കന്നിയങ്കത്തില്‍ 99,998 വോട്ടിന് ജയിച്ച തരൂര്‍ 2014ലെ കടുത്ത ത്രികോണമല്‍സരത്തില്‍ വിറച്ചെങ്കിലും 15,470 വോട്ടിന് മണ്ഡലം നിലനിര്‍ത്തി. 2019ല്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തിന് തിരുവനന്തപുരത്തുകാര്‍ തരൂരിനെ ലോക്സഭയിലേക്കയച്ചു. 99,989 വോട്ടിന് ബിജെപിയിലെ കുമ്മനം രാജശേഖരനെയാണ് തരൂര്‍ തോല്‍പിച്ചത്. സിപിഐയിലെ സി.ദിവാകരന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2014 മുതല്‍ തിരുവനന്തപുരത്ത് ബിജെപിയാണ് രണ്ടാംസ്ഥാനത്ത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments