നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളക്ക് ഇപ്പോള്‍ അത്ര നല്ല സമയമല്ല. കോടതികളില്‍ നിന്ന് രണ്ട് തിരിച്ചടികളാണ് അടുത്തടുത്ത ദിവസങ്ങളില്‍ ലഭിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി ശരിവെച്ചതാണ് അതില്‍ ഒന്നാമത്തേത്. ഭാര്യ പായല്‍ അബ്ദുള്ളയുമായുള്ള വിവാഹ മോചന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതായിരുന്നു രണ്ടാമത്തെ തിരിച്ചടി.
അഞ്ച് സംസ്ഥാനങ്ങൡലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയും ഒമര്‍ അബ്ദുള്ളയെ തളര്‍ത്തിയിരുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായ നാഷണല്‍ കോണ്‍ഫറന്‍സിന് ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ ആശ്വസിക്കാന്‍ ഒന്നുമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഇതോടെയാണ് പൊതുരംഗത്ത് നിന്ന് കുറച്ച് ആഴ്ച അവധിയെടുത്ത് വിശ്രമത്തിലേക്ക് കടക്കുന്നത്.
സമൂഹ മാധ്യമമായ എക്‌സില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് താന്‍ കുറച്ചു ആഴ്ച്ച ഓഫ് ഗ്രിഡ് ആവസ്ഥയിലായിരിക്കുമെന്നും വെളിപ്പെടുത്തിയത്.
ഏത്ര ശക്തിയില്‍ ആഘാതം ഏല്‍പ്പിക്കുന്നതിലല്ല. ഏത് ആഘാതവും നേരിടാനുള്ള ശേഷിയും മുന്നോട്ടുപോകാനുള്ള കരുത്തുമാണ് പ്രധാനമെന്നും ഒമര്‍ എക്‌സില്‍ കുറിച്ചു. തിരിച്ചടികളുണ്ടെന്നും പക്ഷേ തോറ്റ് പിന്‍മാറാതെ പുതുവര്‍ഷത്തില്‍ കശ്മീരിനുവേണ്ടി പോരാടാന്‍ തിരികെ വരുമെന്നും. അതുവരെ താന്‍ സ്‌നേഹിക്കുന്ന തന്നെ സ്‌നേഹിക്കുന്നവരോടൊത്ത് കുറച്ച് ദിവസം ചെലവഴിക്കുന്നെന്നുമാണ് ഒമര്‍ അബ്ദുള്ള പറയുന്നത്.
2024 ല്‍ തന്നെ കശ്മീരില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിലേക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളുമായി സജീവമാകുമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് പറയുന്നത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര നടപടി സുപ്രീംകോടതി ശരിവെച്ചതില്‍ കശ്മീരില്‍ നിന്നുള്ള നേതാക്കള്‍ തൃപ്തരല്ല. അതിന് പിന്നാലെയാണ് വിവാഹമോചനത്തിന് ഡല്‍ഹി ഹൈക്കോടതി അനുമതി നിഷേധിച്ചത്.
ഭാര്യ പായല്‍ അബ്ദുല്ലയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ അപേക്ഷ 2016 ആഗസ്ത് 30ന് കുടുംബ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഒമര്‍ അബ്ദുല്ല സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ, ജസ്റ്റിസ് വികാസ് മഹാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു.
ഒമറിന്റെ ഹരജി തള്ളിയ ബെഞ്ച്, അദ്ദേഹത്തിന് വിവാഹമോചനം അനുവദിക്കാന്‍ വിസമ്മതിച്ച കുടുംബകോടതി ഉത്തരവില്‍ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടി.പായലിനെതിരെയുള്ള ഒമറിന്റെ ആരോപണങ്ങള്‍ അവ്യക്തമാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. ഭാര്യയുടെ ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും ഒരു ക്രൂരത തെളിയിക്കുന്നതില്‍ ഒമര്‍ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി.
പായല്‍ അബ്ദുല്ലയുമായുള്ള ദാമ്പത്യം വീണ്ടെടുക്കാനാകാത്ത വിധം തകര്‍ന്നുവെന്ന് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ച കുടുംബ കോടതി അദ്ദേഹത്തിന് വിവാഹമോചനം അനുവദിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. പായലിന് പ്രതിമാസം 1,50,000 രൂപ നല്‍കാന്‍ സെപ്തംബറില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
പായലിനും രണ്ട് ആണ്‍മക്കള്‍ക്കും മാന്യമായി ജീവിത നിലവാരം നല്‍കാനുള്ള സാമ്പത്തികശേഷിയുണ്ടെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഒമറിന്റെ ജീവിത നിലവാരം കൂടി കണക്കിലെടുത്തായിരുന്നു ഉത്തരവ്. മക്കളുടെ വിദ്യാഭ്യാസത്തിന് 60,000 രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചു.
തന്റെ ദാമ്പത്യം തിരിച്ചുപിടിക്കാനാകാത്തവിധം തകര്‍ന്നുവെന്നും 2007 മുതല്‍ താന്‍ ദാമ്പത്യബന്ധം ആസ്വദിച്ചിട്ടില്ലെന്നും ഒമര്‍ പറയുന്നു. 1994 സെപ്തംബര്‍ 1നാണ് ഒമറും പായലും വിവാഹിതരായത്. 2009 മുതല്‍ അവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ട് ആണ്‍മക്കളാണ് ദമ്പതികള്‍ക്ക്.