ന്യൂഡല്‍ഹി: യെമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി. ഡല്‍ഹി ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഇതിനായി നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

വാദത്തിനിടെ അനുമതി നല്‍കുന്നതിനെ വിദേശകാര്യ മന്ത്രാലയം എതിര്‍ത്തിരുന്നു. എന്നാല്‍ മകളുടെ ജീവന്‍ രക്ഷിക്കാന്‍ പോകാന്‍ അനുമതി തേടുമ്പോള്‍ മന്ത്രാലയം അത് തടയുന്നത് എന്തിനാണെന്ന് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ഹൈക്കോടതി ചോദ്യമുന്നയിച്ചു.

യെമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലായില്‍ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് വധശിക്ഷ നേരിടുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ യെമനിലെ അപ്പീല്‍കോടതിയും സുപ്രീംകോടതിയും ശരിവെച്ചെങ്കിലും കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണിനല്‍കി മാപ്പുതേടാനുള്ള സാധ്യത തുറന്നിട്ടിരുന്നു.

യെമെനുമായി നയതന്ത്രബന്ധമോ അവിടെ എംബസിയോ ഇന്ത്യക്കില്ലെന്നിരിക്കേ അവിടെ പോകുന്നത് ഉചിതമാവില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ യെമനിലാണ് നിമിഷപ്രിയയുള്ളത്. ഇന്ത്യയിലെ യെമന്‍ എംബസിയാകട്ടെ വടക്കന്‍ ഭാഗം ഭരിക്കുന്ന ഔദ്യോഗിക വിഭാഗത്തിന്റേതാണെന്നും മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു.