തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ അസിസ്റ്റന്റ് വി.എം. സുനീഷ് യാത്രപ്പടി ഇനത്തിൽ കൈ പറ്റിയത് 4.85 ലക്ഷം രൂപയെന്ന് വിവരവകാശ രേഖ.

2021 മെയ് മുതൽ 2023 ഡിസംബർ 5 വരെയുള്ള കാലയളവിൽ 4, 85, 794 രൂപയാണ് വി.എം. സുനീഷ് യാത്രപടി ഇനത്തിൽ കൈപറ്റിയത്. രണ്ടര വർഷം അതായത് 30 മാസത്തെ ടി.എ മാത്രം 4.85 ലക്ഷം.

മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിൽസക്കും അമേരിക്ക, ലണ്ടൻ എന്നിവിടങ്ങളിൽ നടന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിനും ക്യൂബൻ, ദുബായ് സന്ദർശനത്തിലും വി.എം. സുനീഷ് മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു.

വരും ദിവസങ്ങളിൽ ലോക കേരള സഭ മേഖല സമ്മേളനത്തിന്റെയും ക്യൂബൻ യാത്രയുടെയും ബില്ലുകൾ സുനീഷ് സമർപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന.

ഇതോടെ സുനീഷിന്റെ യാത്രപ്പടി 10 ലക്ഷം കടക്കും. സ്പെഷ്യൽ ലെയിസൺ ഓഫിസറായി വേലപ്പൻ നായർ ഇപ്പോഴും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ തുടരുന്നുവെന്ന് പൊതുഭരണ വകുപ്പിൽ നിന്ന് ലഭിച്ച വിവരവകാശ രേഖകളിൽ നിന്ന് വ്യക്തം.

11,092 രൂപയാണ് വേലപ്പൻ നായർക്ക് ടി.എ ലഭിച്ചത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെ സംബന്ധിച്ച വിശദാംശങ്ങളിൽ വേലപ്പൻ നായരുടെ പേര് ഗവൺമെന്റ് വെബ് സൈറ്റുകളിൽ നിന്ന് ഒഴിവാക്കിയത് എന്താണ് എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

6,59,992 രൂപയാണ് യാത്രപ്പടി ( ടി.എ) ഇനത്തിൽ മുഖ്യമന്ത്രിയുടെ 6 പേഴ്സണൽ സ്റ്റാഫുകൾ കൈപറ്റിയത് എന്നാണ് വിവരവകാശ മറുപടി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബി.റ്റി ദിനേഷ് യാത്രപ്പടിയായി കൈപറ്റിയത് 91,956 രൂപയാണ്. കെ.പി. സി.സി. സെക്രട്ടറി അഡ്വ സി.ആർ. പ്രാണകുമാറാണ് ഇതു സംബന്ധിച്ച വിവരവകാശ ചോദ്യം ഉന്നയിച്ചത്.

കെ.എസ്.ആർ.ടി.സി ജീവനക്കാർ ശമ്പളത്തിനായി മാസങ്ങൾ കാത്തു നിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പി.എ യ്ക്കും സംഘത്തിനും ശമ്പളത്തോടൊപ്പം മുടങ്ങാതെ ടി.എയും ലഭിക്കുന്നത് എന്നതാണ് വിരോധാഭാസം.