ജമ്മു കശ്മീരിന് പരമാധികാരമില്ലെന്ന് സുപ്രീംകോടതി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെച്ച സുപ്രീംകോടതി, ഭരണഘടനാ അസംബ്ലിയുടെ ശിപാര്‍ശയില്ലാതെയും രാഷ്ട്രപതിക്ക് 370ാം വകുപ്പ് മാറ്റാന്‍ കഴിയുമെന്നും വ്യക്തമാക്കി. 370ാം വകുപ്പ് താല്‍ക്കാലികമായിരുന്നെന്നും ഈ വകുപ്പ് ഏര്‍പ്പെടുത്തിയത് യുദ്ധസാഹചര്യത്തിലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.

ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കി നടപടിയും സുപ്രീംകോടതി ശരിവെച്ചു. 2018ല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങള്‍ക്ക് പരിമിതിയുണ്ട്. എല്ലാ തീരുമാനങ്ങളും എതിര്‍ക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കും. ജമ്മു കശ്മീര്‍ ഇന്ത്യയില്‍ ചേര്‍ന്നപ്പോള്‍ പരമാധികാരം ഉണ്ടായിരുന്നില്ല. മറ്റുസംസ്ഥാനങ്ങള്‍ക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ല. ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിധേയം. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകം. ജമ്മു കശ്മീരിനു വേണ്ടിയുണ്ടാക്കിയ 370ാം വകുപ്പ് താല്‍ക്കാലികം മാത്രമെന്നും കശ്മീരിനെ കൂട്ടിച്ചേര്‍ത്തത് ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയെന്നും കോടതി വ്യക്തമാക്കി.

രാഷ്ട്രപതിയുടെ തീരുമാനം ഭരണഘടനാപരമോ?, 370ാം വകുപ്പ് സ്ഥിരമോ താല്‍ക്കാലികമോ? നിയമസഭ പിരിച്ചുവിട്ടത് നിയമപരമോ?, രണ്ടായി വിഭജിച്ചത് ശരിയോ? തുടങ്ങിയ പരിശോധനാ വിഷയങ്ങള്‍ കോടതി വിശദീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണു വിധി പറയുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചില്‍ ഉള്‍പ്പെടുന്നു. നാഷനല്‍ കോണ്‍ഫറന്‍സും ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷനും മറ്റുമാണു ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് 2 മുതല്‍ വാദം കേട്ട കേസ് സെപ്റ്റംബര്‍ 5ന് ആണു വിധി പറയാന്‍ മാറ്റിയത്. കേന്ദ്രത്തെ പ്രതിനിധീകരിച്ച് അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണി, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഹരീഷ് സാല്‍വേ, രാകേഷ് ദ്വിവേദി, വി.ഗിരി എന്നിവരും ഹര്‍ജിക്കാര്‍ക്ക് വേണ്ടി കപില്‍ സിബല്‍, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ദുഷ്യന്ത് ദവെ, ഗോപാല്‍ ശങ്കരനാരായണന്‍, സഫര്‍ ഷാ എന്നിവരും കോടതിയില്‍ ഹാജരായി.

2019 ഓഗസ്റ്റ് അഞ്ചിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനയിലെ 370ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്നതും ജമ്മുകശ്മീര്‍, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നല്‍കുന്നതും റദ്ദാക്കിയത്. ഒക്ടോബര്‍ 31നു ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപപ്പെട്ടു. ജമ്മു കശ്മീരില്‍ അധികാര പദവി ഗവര്‍ണറില്‍നിന്നു ലഫ്. ഗവര്‍ണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി.