സംസ്ഥാനത്ത് ട്രഷറി പൂട്ടും. സാമ്പത്തിക സ്ഥിതി രൂക്ഷമായതിനെ തുടർന്നാണിത്.
ധനവകുപ്പിന്റെ പ്രത്യേക അനുമതി ( Ways and means clearance) ലഭിച്ച ബില്ലുകൾ പോലും മാറണ്ടന്ന് ട്രഷറിക്ക് വാക്കാൽ നിർദ്ദേശം.
2 ദിവസം മുമ്പാണ് നിർദ്ദേശം നൽകിയത്. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ അനുമതി വേണം. നേരത്തെ ഇത് 5 ലക്ഷമായിരുന്നു. 5 ലക്ഷത്തിന് താഴെയുള്ള ബില്ലുകൾ സെപ്റ്റംബർ 30 വരെയാണ് ട്രഷറിയിൽ നിന്ന് മാറി കൊടുത്തത്.
ഒക്ടോബർ, നവംബർ മാസങ്ങളിലെ ബില്ലുകൾ ട്രഷറിയിൽ നിന്ന് മാറി കൊടുത്തിട്ടില്ല. ഏകദേശം 2000 കോടി രൂപയുടെ ബില്ലുകൾ ആണ് ഇത്തരത്തിൽ ട്രഷറിയിൽ തടഞ്ഞ് വച്ചിരിക്കുന്നത്. ശമ്പളവും പെൻഷനും മാത്രമാണ് ഒക്ടോബർ 1 മുതൽ ട്രഷറിയിൽ നിന്ന് പാസാക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ബദൽ മാർഗങ്ങളുടെ ആലോചനയിലാണ് ധനവകുപ്പ് . കേരളത്തിന്റെ കടമെടുപ്പ് പരിധി കൂട്ടില്ലെന്ന് കേന്ദ്രം അറിയിച്ചതോടെയാണ് ബദൽ മാർഗങ്ങളുടെ പണിപ്പുരയിലേക്ക് ധനവകുപ്പ് കടക്കുന്നത്.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും നിശ്ചിത ശതമാനം മാറ്റി വച്ച് പ്രത്യേക നിധി രൂപികരിക്കാനുള്ള ധനവകുപ്പിന്റെ നീക്കം മലയാളം മീഡിയ പുറത്ത് വിട്ടിരുന്നു.
ജീവനക്കാരും പെൻഷൻകാരും ഈ നീക്കത്തിന് എതിരെ പ്രതിഷേധം ഉയർത്തിയതോടെ പ്രത്യേക നിധി രൂപികരിക്കാൻ നീക്കമില്ലെന്ന് ധനമന്ത്രി ഫേസ് ബുക്ക് കുറിപ്പിറക്കി. എന്നാൽ ബദൽ നിർദ്ദേശങ്ങളിൽ വീണ്ടും ഇത് സ്ഥാനം പിടിച്ചെന്നാണ് ലഭിക്കുന്ന സൂചന .
സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഒരു വിഹിതം താൽക്കാലികമായി മാറ്റിവയ്ക്കാമെന്നാണ് ഉദ്യോഗസ്ഥ നിർദ്ദേശം. ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ വിഹിതത്തിന്റെ ശതമാനം നിശ്ചയിക്കുക. ഇതിന് നിയമ നിർമാണം ആവശ്യമാണ്. മലയാള മനോരമയുടെ ചീഫ് റിപ്പോർട്ടർ വി.ആർ. പ്രതാപ് ഡിസംബർ 6 ന് ശമ്പളത്തിന്റെ വിഹിതം മാറ്റിവയ്ക്കാനുള്ള ഉദ്യോഗസ്ഥ നിർദ്ദേശം റിപ്പോർട്ട് ചെയ്തിരുന്നു.
വർഷവസാന ചെലവുകൾ അടുത്ത സാമ്പത്തിക വർഷത്തേക്ക് മാറ്റുക, ഇതുവരെ തുടക്കമിടാത്ത പദ്ധതികൾ അടുത്ത വർഷത്തേക്ക് മാറ്റുക, സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് തൽക്കാലത്തേക്ക് പണം സമാഹരിക്കുക, കെ എസ് എഫ് ഇ , ബിവറേജസ് കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും പരമാവധി പണം മുൻകൂറായി വാങ്ങുക, കിഫ്ബി തിരിച്ചടച്ച വായ്പകൾക്ക് തത്തുല്യമായ തുക കടമെടുക്കാൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുക എന്നിങ്ങനെയാണ് മറ്റ് ബദൽ നിർദ്ദേശങ്ങൾ.
18 ശതമാനം ഡി.എ കുടിശികയായ തോടു കൂടി 4000 രൂപ മുതൽ 30,000 രൂപ വരെയാണ് ശമ്പളത്തിൽ ഓരോ മാസവും ജീവനക്കാരന് നഷ്ടപ്പെടുന്നത്. 2000 രൂപ മുതൽ 15000 രൂപയാണ് പെൻഷൻകാർക്ക് പെൻഷനിൽ ഓരോ മാസവും നഷ്ടപ്പെടുന്നത്. അതിനിടയിൽ ശമ്പളത്തിന്റേയും പെൻഷന്റേയും വിഹിതം താൽക്കാലികമായി മാറ്റി വയ്ക്കാനുള്ള നീക്കം ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കും.