
ശമ്പള, പെൻഷൻ പരിഷ്കരണം എവിടെ? കൈമലർത്തി കെ.എൻ. ബാലഗോപാൽ
ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പെൻഷൻ പരിഷ്കരണത്തിൽ മെല്ലെപ്പോക്കുമായി സർക്കാർ. 2024 ജൂലൈ 1 മുതൽ ലഭിക്കേണ്ട ശമ്പള, പെൻഷൻ പരിഷ്കരണത്തിന് ഇതുവരെ കമ്മീഷനെ പോലും വയ്ക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയ്യാറായിട്ടില്ല.
സാധാരണഗതിയിൽ പ്രാബല്യ തീയതിക്ക് ഒരു വർഷം മുമ്പ് കമ്മീഷനെ നിയമിക്കുന്നതാണ് പതിവ്. സർക്കാരിൻ്റെ കാലാവധിക്ക് മുമ്പ് റിപ്പോർട്ട് വാങ്ങി പരിഷ്കരണം നടത്തുകയാണ് മുൻകാല സർക്കാരുകൾ എല്ലാവരും ചെയ്തിരുന്നത്. 2019 ജൂലൈ 1 മുതൽ ലഭിക്കേണ്ട പതിനൊന്നാം ശമ്പള, പെൻഷൻ പരിഷ്കരണം 2021 ഫെബ്രുവരിയിൽ നടപ്പാക്കിയാണ് ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് കസേര ഒഴിഞ്ഞത്.
എന്നാൽ നാലു ഗഡുക്കൾ ആയി നൽകും എന്ന് തോമസ് ഐസക്ക് പ്രഖ്യാപിച്ചിരുന്ന, ഉത്തരവ് ഇറക്കിയ 2019 ലെ ശമ്പള പരിഷ്കരണ കുടിശിക പോലും കെ. എൻ ബാലഗോപാൽ കൊടുത്തില്ല. 2021 ജനുവരിയിൽ പ്രാബല്യത്തിലുള്ള ഒരു ഗഡു ഡി.എ മാത്രമാണ് ബാലഗോപാൽ 3 വർഷത്തിനിടയിൽ നൽകിയത്.
2024 ജൂലൈ 1 മുതൽ ലഭിക്കേണ്ട ശമ്പള , പെൻഷൻ പരിഷ്കരണത്തിന് വേണ്ടി ജീവനക്കാർ പ്രതൃക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് നട്ടുച്ചക്ക് ശയന പ്രദക്ഷിണം നടത്തിയ കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ്റെ സമരം സംസ്ഥാന വ്യാപകമായി ചർച്ചയായി മാറിയിരുന്നു.
ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐയുടെ സർവീസ് സംഘടനകളും പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വന്നിരിക്കുകയാണ്. ശമ്പള പരിഷ്കരണം സർക്കാരിൻ്റെ നയപരമായ കാര്യം എന്നാണ് കെ.എൻ. ബാലഗോപാലിൻ്റെ നിയമസഭ മറുപടി. മുഖ്യമന്ത്രി പിണറായിയും ശമ്പള പരിഷ്കരണത്തിന് അനുകൂലമല്ല എന്ന് വ്യക്തം.
സർക്കാരിൻ്റെ നയം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി ആണല്ലോ?.5 വർഷം കൂടുമ്പോഴുള്ള ശമ്പള , പെൻഷൻ പരിഷ്കരണം പത്ത് വർഷത്തിലൊരിക്കൽ മതി എന്നാണ് ചീഫ് സെക്രട്ടറി അടക്കമുള്ളവരുടെ നിലപാട്. തങ്ങൾക്ക് പത്ത് വർഷം കൂടുമ്പോഴാണ് പരിഷ്കരണം നടക്കുന്നത് എന്നതാണ് ഇവരുടെ ന്യായം.
അതുകൊണ്ട് തന്നെ ശമ്പള , പെൻഷൻ പരിഷ്കരണം നടപ്പിലാക്കാൻ ജീവനക്കാരും പെൻഷൻകാരും ധാരാളം മഴയും വെയിലും കൊള്ളേണ്ടി വരുമെന്നാണ് സെക്രട്ടറിയേറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മലയാളം മീഡിയയോട് വ്യക്തമാക്കിയത്.
- ഒന്നാം പേ റിവിഷൻ 1965
- രണ്ടാം പേ റിവിഷൻ1968
- 1973 കേന്ദ്ര സമാനമായ പരിഷ്കരണം നടപ്പിലാക്കി ഇടക്കാല ഉത്തരവ്
- മൂന്നാം പേ റിവിഷൻ 1978
- നാലാം പേ റിവിഷൻ 1983
- അഞ്ചാം പേ റിവിഷൻ 1987
- ആറാം പേ റിവിഷൻ 1992
- ഏഴാം പേ റിവിഷൻ 1997
- എട്ടാം പേ റിവിഷൻ 2003
- ഒൻപതാം പേ റിവിഷൻ 2009
- പത്താം പേ റിവിഷൻ 2014
- പതിനൊന്നാം പേ റിവിഷൻ 2019