ബാര്‍ ഹോട്ടലില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് പിണറായി; ചരിത്രത്തില്‍ ഇടംപിടിച്ച് പേള്‍വ്യൂ റസിഡന്‍സി

തലശ്ശേരി: ബാര്‍ അറ്റാച്ച്ഡ് ഹോട്ടലില്‍ മന്ത്രിസഭയോഗം ചേര്‍ന്ന് പിണറായി വിജയന്‍. ഇതോടെ നവകേരള സദസ്സിനിടയില്‍ നടന്ന മന്ത്രിസഭ യോഗം വിവാദത്തിലും ചരിത്രത്തിലും ഇടംപിടിച്ചിരിക്കുകയാണ്. തലശേരി കൊടുവള്ളിയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടല്‍ ആയ പേള്‍വ്യൂ റസിഡന്‍സിയിലാണ് മന്ത്രിസഭ യോഗം ചേര്‍ന്നത്.

കണ്ണൂരിലും തലശ്ശേരിയിലും സര്‍ക്കാര്‍ റസ്റ്റ് ഹൗസും മറ്റ് ആധുനിക സൗകര്യങ്ങളുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുമുള്ളപ്പോള്‍ ഇങ്ങനൊരു സ്വകാര്യ ബാര്‍ ഹോട്ടലില്‍ മന്ത്രിസഭാ യോഗം കൂടിയതിനെക്കുറിച്ചാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

തലശ്ശേരി കൊടുവള്ളിയില്‍ ദേശിയ പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോട്ടലിലാണ് ബുധനാഴ്ച്ച രാവിലെ മന്ത്രിസഭ യോഗം ചേര്‍ന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി മന്ത്രിസഭ യോഗം തലശ്ശേരിയില്‍ ചേരുന്നുവെന്ന് കൊട്ടിഘോഷിച്ച് കൊണ്ടാണ് മന്ത്രിസഭ യോഗം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്നത്.

രാവിലെ ഒന്‍പതു മണിയോട് കൂടി ആരംഭിച്ച മന്ത്രിസഭാ യോഗത്തില്‍ കൊച്ചിയില്‍ ബി.പി.സി.എല്ലിന്റെ കംപ്രസ് ബയോഗ്യാസ് പ്ലാന്റിന് അംഗീകാരം നല്‍കിയതാണ് പ്രധാന തീരുമാനം.

സാമ്പത്തിക ധൂര്‍ത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് നവകേരള സദസ്സുമായി മന്ത്രിസഭയൊന്നാകെ കേരളമാകെ സഞ്ചരിക്കുന്നത്. ഇതിനുള്ള ചെലവ് എവിടെ നിന്നാണെന്ന് സര്‍ക്കാര്‍ പറയില്ലെന്നും ആവശ്യമുള്ളവര്‍ കണ്ടുപിടിച്ചോളൂ എന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. അതിനുശേഷം ഇങ്ങനെ പഞ്ചനക്ഷത്ര ബാര്‍ ഹോട്ടലുകളില്‍ മന്ത്രിസഭാ യോഗം കൂടിയതിന്റെ ചെലവ് ആര് വഹിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കാന്‍ സാധ്യതയില്ല.

ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭ യോഗം സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് രംഗത്തെത്തി. മന്ത്രി സഭ യോഗം സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് നവകേരള സദസ്സുമായി ബന്ധപ്പെട്ട മറ്റൊരു വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.

തുടര്‍ച്ചയായി അഞ്ചാഴ്ച, അഞ്ച് ജില്ലകളിലായി, ഇത്തരത്തില്‍ യോഗങ്ങള്‍ ചേരും. തലശ്ശേരി (നവംബര്‍ 22), മലപ്പുറത്തെ വള്ളിക്കുന്ന് (നവംബര്‍ 28), തൃശൂര്‍ (ഡിസംബര്‍ 6), പീരുമേട് (ഡിസംബര്‍ 12), കൊല്ലം (ഡിസംബര്‍ 20) എന്നിവിടങ്ങളിലാണ് മന്ത്രിസഭാ യോഗം. ഇടത് സര്‍ക്കാരിന്റെ ഏഴു വര്‍ഷത്തെ നേട്ടങ്ങള്‍ അടിവരയിടുന്നതിനും, പരാതി പരിഹാരത്തിനുമായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലകളില്‍ പര്യടനം നടത്തുന്ന സാഹചര്യത്തിലാണ് ഈ വേദികളില്‍ മന്ത്രിസഭകള്‍ നടക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments