സാഹിത്യകാരി പി. വത്സല അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരിയും അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായിരുന്ന പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അന്ത്യം..

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി.വി. കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

1960 മുതല്‍ സാഹിത്യരംഗത്ത് സജീവമായിരുന്ന പി. വത്സല തിരുനെല്ലിയുടെ കഥാകാരിയെന്നാണറിയപ്പെട്ടിരുന്നത്.

കേരളസാഹിത്യ അക്കാദമി അധ്യക്ഷയായിരുന്നു. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയയായത്.

ആഗ്‌നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികള്‍, അരക്കില്ലം, വേനല്‍, കനല്‍, പാളയം, കൂമന്‍കൊല്ലി, ആരും മരിക്കുന്നില്ല, ഗൗതമന്‍, ചാവേര്‍, റോസ്‌മേരിയുടെ ആകാശങ്ങള്‍, വിലാപം, ആദിജലം, മേല്‍പ്പാലം, ഗായത്രി, തകര്‍ച്ച എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്‌നേയം ഇംഗ്ലീഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തിരക്കില്‍ അല്‍പം സ്ഥലം, പഴയ പുതിയ നഗരം, ആനവേട്ടക്കാരന്‍, അന്നാമേരിയെ നേരിടാന്‍, കറുത്ത മഴ പെയ്യുന്ന താഴ്വര, ചാമുണ്ഡിക്കുഴി, പേമ്പി, ഉണിക്കോരന്‍ ചതോപാദ്ധ്യായ, എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങള്‍. മരച്ചുവട്ടിലെ വെയില്‍ച്ചീളുകള്‍ (അനുഭവങ്ങള്‍), പുലിക്കുട്ടന്‍, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു കൃതികള്‍.

1939 ആഗസ്റ്റ് 28ന് കാനങ്ങാട് ചന്തുവിന്റെയും ഇ. പത്മാവതിയയുടെയും മകളായി ജനിച്ച വത്സലയുടെ സ്‌കൂള്‍ വിദ്യാഭ്യാസം നടക്കാവ് സ്‌കൂളിലായയിരുന്നു. പിന്നീട് പ്രീഡിഗ്രയിും ബിരുദവും പ്രോവിഡന്‍സ് കോളേജില്‍. ബി.എ. ഇക്കണോമിക്‌സ് ബിരുദം നേടിയ വത്സല കൊടുവള്ളി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ അധ്യാപക ജീവിതം ആരംഭിച്ചു. കോഴിക്കോട് ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളേജില്‍ നിന്ന് ബി.എഡ് പൂര്‍ത്തിയാക്കി. നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 1993 നടക്കാവ് ടി.ടി.ഐയില്‍ പ്രധാനാധ്യപികയായാണ് വിരമിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments