
വ്യാജ തിരിച്ചറിയൽ കാർഡ്: മൂന്ന് യൂത്ത് കോൺഗ്രസുകാർ പൊലീസ് കസ്റ്റഡിയിൽ
പത്തനംതിട്ട: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. അടൂരിലാണ് മൂന്ന് പേർ കസ്റ്റഡിയിലായത്. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനില്‍, ഫെനി എന്നിവരാണ് പിടിയിലായത്. അഭി വിക്രം യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു.
പിടിയിലായവരിൽ നിന്നു വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവൻക്കാരൻ കൂടിയാണ് അഭി.
വ്യാജ രേഖാ നിർമാണം നടന്നുവെന്നു പൊലീസ് പറയുന്നു. ഡിവൈഎഫ്ഐ നേതാക്കൾ നൽകിയ പരാതിയിലായിരുന്നു അന്വേഷണം. പിന്നാലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലെ അതൃപ്തി വ്യക്തമാക്കി ചില യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിവരങ്ങൾ പൊലീസിനു കൈമാറുകയും ചെയ്തിരുന്നു. പത്ത് പരാതികൾ വേറെയും പൊലീസിനു ലഭിച്ചിരുന്നു.
പുറത്തു വന്നതു മാത്രമല്ല കൂടുതൽ ആപ്പുകൾ ഉപയോഗിച്ച് വ്യാജ രേഖകൾ നിർമിക്കപ്പെട്ടതായി എട്ടംഗ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പന്തളത്തു നിന്നു പിടിച്ചെടുത്ത രണ്ട് ലാപ് ടോപ്പുകൾ രണ്ട് ദിവസത്തിനുള്ളിൽ മ്യൂസിയം സ്റ്റേഷനിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്. സർവറിലെ വിവരങ്ങൾ ലഭ്യമാക്കണമെന്നു ആവശ്യപ്പെട്ട് വരണാധികാരിയായിരുന്ന പിവി രതീഷിനും തെരഞ്ഞെടുപ്പിന്റെ വിശദാംശങ്ങൾ നൽകാൻ യൂത്ത് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിക്കും നോട്ടീസ് അയച്ചു.
വിഷയത്തിൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനു വിശദീകരണം നൽകിയിരുന്നില്ല. മൂന്ന് ദിവസത്തെ സമയ പരിധി അവസാനിച്ചതിനാൽ നിയമപരമായ നടപടികളുണ്ടാകുമെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
- 2000 രൂപ നോട്ടുകളിൽ 98 ശതമാനവും തിരിച്ചെത്തി; ഇനിയും പ്രചാരത്തിലുള്ളത് 6099 കോടി
- 8 ദിവസം, 5 രാജ്യങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെഗാ വിദേശ പര്യടനത്തിന് ഇന്ന് തുടക്കം
- ഗാസയിൽ 60 ദിവസത്തെ വെടിനിർത്തൽ; ഇസ്രായേൽ സമ്മതിച്ചതായി ട്രംപ്, തീരുമാനം ഹമാസിന്റെ കോർട്ടിൽ
- അടിപതറിയില്ല; വയറുവേദനയെയും തോൽപ്പിച്ച് ദ്യോക്കോവിച്ച് രണ്ടാം റൗണ്ടിൽ
- ഫിഫയുടെ ‘ലോട്ടറി’: ക്ലബ്ബ് ലോകകപ്പിൽ ജേതാക്കളെ കാത്തിരിക്കുന്നത് 600 കോടിയിലധികം രൂപ