ഡൽഹി: ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന് ഇ.ഡി നോട്ടീസ്. ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇഡിയുടെ ആരോപണം ബൈജൂസ് ആപ്പ് നിഷേധിച്ചു. ബൈജൂസിന്റെയും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെയും സ്ഥാപകനാണ് ബൈജു രവീന്ദ്രൻ.
ബൈജൂസ് കമ്പനിയിലും സ്ഥാപകന്‍ ബൈജു രവീന്ദ്രന്റെ വീട്ടിലടക്കം ബാംഗ്ലൂരില്‍ മൂന്ന് സ്ഥലങ്ങളില്‍ ഇഡി നടത്തിയ തെരച്ചിലിനും ജപ്തി നടപടികള്‍ക്കും പിന്നാലെയാണ് ബൈജുവിനെതിരെയുള്ള ആരോപണം. ഇത് സംബന്ധിച്ച് നിരവധി രേഖകളും ഡിജിറ്റല്‍ ഡാറ്റയും ഇഡി കണ്ടെത്തിയിട്ടുണ്ട്. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ കമ്പനിക്ക് ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ലഭിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.
കൂടാതെ, 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക പ്രസ്താവനകള്‍ തയ്യാറാക്കിയിട്ടില്ലെന്നതും അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്തിട്ടില്ലെന്നും ഇഡി വ്യക്തമാക്കി. അതേ സമയം, വിഷയത്തില്‍ പ്രതികരണവുമായി ബൈജൂസ് രംഗത്തെത്തിയിട്ടുണ്ട്. ഇഡി പറഞ്ഞതില്‍ വാസ്തവമില്ലെന്നും യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നുമാണ് ബൈജൂസിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.
ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ കർണാടകയിലെ ബംഗളുരുവിൽ മൂന്നിടങ്ങളിലായി ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും നിർണായക രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്ന് ഇ.ഡി ആവകാശപ്പെട്ടിരുന്നത്. അതേസമയം ഇത്തരത്തിലൊരു നോട്ടീസ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ബൈജുരവീന്ദ്രനും ബൈജൂസ് കമ്പനിയും അറിയിച്ചു. 2011 മുതൽ 2023 വരെ കമ്പനിക്ക് 28000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിച്ചുവെന്നാണ് ആരോപണം.