സിപിഐ മുൻ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റില്‍; കണ്ടല സഹകരണ തട്ടിപ്പില്‍ പിടിമുറുക്കി ഇ.ഡി

തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഐ ഭാസുരാംഗനും മകൻ അഖിൽജിത്തും അറസ്റ്റിൽ. പത്ത് മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് ഇ.ഡി അറിയിച്ചു.

നേരത്തെ ഭാസുരാംഗനെ ഇ.ഡി കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ തന്നെ ചോദ്യം ചെയ്യാനല്ല വിളിപ്പിച്ചതെന്നും മൊഴിയെടുക്കാനാണെന്നുമാണ് ഭാസുരാംഗൻ പറഞ്ഞത്. അതേസമയം ബാങ്കിൽ നടന്നത് തട്ടിപ്പല്ലെന്നും ക്രമക്കേടാണെന്നും ഭാസുരാംഗൻ പറഞ്ഞു. കൂടാതെ എൽ.ഡി.എഫിൽ തന്നെയുള്ള ഒരാളാണ് ആരോപണത്തിന് പിന്നിലെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നും ഭാസുരാംഗൻ വ്യക്തമാക്കി.

ഇതിന് മുമ്പ് ഭാസുരാംഗന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തുകയും 40 മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ ഭാസുരാഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. കണ്ടല ബാങ്കിലെ ജീവനക്കാരുടെയുൾപ്പടെ മൊഴിയെടുക്കുകയും ഇദ്ദേഹത്തിനെതിരായ നിർണായക തെളിവുകൾ ഇ.ഡി ശേഖരിക്കുകയും ചെയ്തിരുന്നു.

രാവിലെ മുതലാണ് ഇഡി കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാത്രിയോടെ ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതു മൂന്നാം തവണയാണ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്യുന്നത്.

മൊഴികളില്‍ വളരെയേറെ വൈരുദ്ധ്യങ്ങളുണ്ട്. അതിനാല്‍ ഭാസുരാംഗനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നു ഇഡി പറയുന്നു. നാളെ കോടതിയില്‍ ഹാജരാക്കും. അതിനു ശേഷം ഇഡി കസ്റ്റഡി അപേക്ഷയും നല്‍കും.

100 കോടിക്ക് മുകളില്‍ രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടന്നതെന്നു ഇഡി പറയുന്നു. ഓഡിറ്റടക്കം നടത്തിയതില്‍ വലിയ ക്രമക്കേടുണ്ട്. ഭാസുരാംഗന്റേയും മകന്റേയും പേരിലുള്ള ചില സ്വത്തുക്കളുടെ ശ്രോതസ് സംബന്ധിച്ചു വ്യക്തതയില്ല. ഇതെല്ലാം വിശദമായി അറിയേണ്ടതുണ്ടെന്നും ഇഡി പറയുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട് ഇഡി ഭാസുരാംഗന്റെ വീട്ടിലടക്കം പരിശോധന നടത്തിയിരുന്നു. കണ്ടല ബാങ്ക് പ്രസിഡന്റായിരുന്ന ഭാസുരാംഗനെ സിപിഐ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments