കൊച്ചി: കൂത്തുപറമ്പില്‍ പ്രതിഷേധിച്ച സഖാക്കള്‍ പോരാട്ടഭൂമികകളിലെ രാജമല്ലിപ്പൂക്കളും പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാർ തീവ്രവാദിയും ആത്മഹത്യാ സ്‌ക്വാഡും ആകുന്നതെങ്ങനെയെന്ന ചോദ്യവുമായി ആര്‍.എസ്.പി സംസ്ഥാന സമിതിയംഗം സി. കൃഷ്ണചന്ദ്രന്‍.

സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഡി.വൈ.എഫ്.ഐ നടത്തുന്ന പോര്‍വിളിയല്ലേ ഫാസിസവും ഏകാധിപത്യവുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

“ഡ്രാക്കുള രാഘവൻ, വെള്ളരിപ്രാവ്‌ വിജയൻ”
——————————————————————

𝟏𝟗𝟗𝟓 നവംബർ 𝟐𝟓- കൂത്തുപറമ്പ്

പ്രതിഷേധിച്ചത്- ഡിവൈഎഫ്ഐ
പ്രതിഷേധ മാർഗ്ഗം- കരിങ്കൊടി
സ്ഥിതി നിയന്ത്രണം- പോലീസ്
മാർഗ്ഗം- വെടിവെയ്പ്

ചിത്രം-1
കൂത്തുപറമ്പ് വെടിവയ്പിൽ ജീവൻ നഷ്ടപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടേതാണ്.
സഖാക്കൾ കെ കെ രാജീവന്‍, ഷിബുലാല്‍, കെ വി റോഷന്‍, മധു, ബാബു എന്നിവരാണ് മരിച്ചത്. വെടിയേറ്റ്‌ ശരീരം തളർന്ന്‌ കിടപ്പിലായ പുഷ്‌പൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ്.

കരിങ്കൊടി പ്രതിഷേധത്തിനെത്തിയ ഡിവൈഎഫ്ഐക്ക് അന്നത്തെ സിപിഎം നേതാക്കൾ ചാർത്തി നൽകിയ വിശേഷണങ്ങൾ;
“യുവതയുടെ ജനരോഷം, പോരാട്ട ചരിത്രത്തിലെ കനലുണങ്ങാത്ത അധ്യായം, നിത്യ സമരസത്യം,
പോരാട്ട ഭൂമികകളിലെ രാജമല്ലിപ്പൂക്കൾ, പ്രഭ മങ്ങാത്ത നിത്യ സമര നായകർ…”

സ: എം വി രാഘവന് “ഡ്രാക്കുള” യെന്ന ചെല്ലപ്പേരും…

ചരിത്ര പ്രഹസനമായ കൂത്തുപറമ്പ് സമരത്തിലെ മുദ്രാവാക്യം വെറും ആവിയായി, പരിയാരം സ്വാശ്രയ കോളജിനെതിരെ സമരം നടത്തി ജീവൻ പോയ 5 സഖാക്കളും, സ: പുഷ്പനും ആ സമരത്തിന്റെ ബാക്കി പത്രങ്ങളായപ്പോൾ; കൂത്തുപറമ്പ് സമര നായകൻ സ: എം വി ജയരാജൻ അതേ പരിയാരം സ്വാശ്രയ കോളേജിന്റെ ചെയർമാനായി വിലസിയതും ചേർത്ത് വായിക്കണം.

ചിത്രം-2

𝟐𝟎𝟐𝟑 നവംബർ 𝟐𝟎 – കല്യാശ്ശേരി

പ്രതിഷേധിച്ചത്- യൂത്ത് കോൺഗ്രസ്സ്
പ്രതിഷേധ മാർഗ്ഗം- കരിങ്കൊടി
സ്ഥിതി നിയന്ത്രണം- ഡിവൈഎഫ്ഐ
മാർഗ്ഗം- ഹെൽമെറ്റ്, പൂച്ചട്ടി, വാക്കി ടോക്കി കൊണ്ട് മർദ്ദനം

കരിങ്കൊടി പ്രതിഷേധത്തിനെത്തിയ
യൂത്ത് കോൺഗ്രസ്സിന് ഇന്നത്തെ സിപിഎം നേതാക്കൾ ചാർത്തി നൽകുന്ന വിശേഷണങ്ങൾ;
“ചാവേർ, തീവ്രവാദി, ഭീകരൻ, ദേശദ്രോഹി, ആത്മഹത്യാ സ്‌ക്വാഡ്, ഗൂഢാലോചനക്കാർ ….”

മഹത്തായ ജനാധിപത്യത്തിന്റെ, പ്രതിപക്ഷ ബഹുമാനത്തിന്റെ, കരിങ്കൊടി പ്രതിഷേധത്തോടുള്ള വെല്ലുവിളി നിറഞ്ഞ കേരളത്തിലെ സർക്കാർ സമീപനം.
ഡിവൈഎഫ്ഐക്കാരുടെ പരസ്യമായ പോർവിളിയെ ന്യായീകരിക്കുന്ന ചെറുതും വലുതുമായ സിപിഎം നേതാക്കൾ. ഇതല്ലേ ഫാസിസം, ഏകാധിപത്യം?

സിപിഎം നേതാക്കളായ അന്താരാഷ്ട്ര ബുദ്ധിജീവികളുടെ വാക്കുകൾ കടമെടുത്താൽ;

‘ഹമാസിന്റേത്, ഇസ്രയേലിന് നേരെ സഹികെട്ട് നടത്തിയ പ്രതികരണം’ എന്നാണല്ലോ

അപ്പോൾ, വലിയ ബുദ്ധിമുട്ടില്ലാതെ യൂത്ത് കോൺഗ്രസ്സിന്റേത്,

‘സർക്കാരിന് നേരെ സഹികെട്ട് നടത്തിയ പ്രതികരണം’ എന്ന് ചേർത്ത് വായിച്ചാൽ മതി.

സർക്കാർ സംവിധാനം ദുരുപയോഗം ചെയ്ത്,
സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി,
കേവലം രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന ധൂർത്തിന്റെ
പേക്കൂത്തിനെതിരെ ശബ്ദിക്കുക തന്നെ ചെയ്യും. രാഷ്ട്രീയമായി പ്രതിഷേധിക്കും, എതിർപ്പുകളെ പ്രതിരോധിക്കും.

ദാരിദ്ര്യമകറ്റാൻ ദാരിദ്ര്യത്തെ ഉപാസിച്ച കാൾ മാർക്സിൽ നിന്നും, ദാരിദ്ര്യമകറ്റാൻ ധൂർത്തിനെ ഉപാസിക്കുന്ന പിണറായി വിജയനിലേക്കുള്ള ദൂരം യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ മനസ്സിലാക്കുന്നത് വരെ…