NewsReligion

മാര്‍പ്പാപ്പയുടെ ആരോഗ്യനില ആശങ്കാജനകം; ന്യൂമോണിയ ബാധ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമായി തുടരുകയാണെന്ന് വത്തിക്കാൻ. അദ്ദേഹത്തിന്റെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തിയിരിക്കുകയാണ്. മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കി.

ഒരാഴ്ച്ചയിലേറെയായി അദ്ദേഹത്തിന് ശ്വാസകോശ അണുബാധ തുടങ്ങിയിട്ട്, അതെ തുടർന്ന് ഫെബ്രുവരി 14 ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വത്തിക്കാൻ മെഡിക്കൽ ടീമിന്റെയും ജെമെല്ലി ആശുപത്രിയിലെ ഡോക്ടർമാരുടെയും നിർദ്ദേശപ്രകാരം ഫെബ്രുവരി 18 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ സി.ടി സ്‌കാൻ പരിശോധനയിൽ ഫ്രാൻസിസ് പാപ്പായ്ക്ക് ന്യുമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പാപ്പായ്ക്ക് കൂടുതൽ മരുന്നുകൾ ഉൾപ്പെടുന്ന ചികിത്സ ആവശ്യമായി വന്നിരിക്കുകയാണെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.

പോളി മൈക്രോബയൽ അണുബാധയുണ്ടെന്നായിരുന്നു നേരത്തെ കണ്ടെത്തിയിരുന്നത്. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോൾ നൽകുന്നതെന്നും വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ നൽകി വന്നിരുന്ന ചികിത്സയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഇന്നലെ വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

പാപ്പായുടെ ആരോഗ്യസ്ഥിതി സങ്കീർണമായി തുടരുമ്പോഴും, അദ്ദേഹം സന്തോഷവാനാണെന്നും, ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. പകൽ സമയം അദ്ദേഹം വിശ്രമവും പ്രാർത്ഥനകളും വായനയുമായി ചിലവഴിക്കുകയാണെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു.

കുട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകൾ പാപ്പായുടെ സൗഖ്യത്തിനായി പ്രാർത്ഥനാശംസകൾ നേർന്നും, തങ്ങളുടെ സാമീപ്യമറിയിച്ചും കത്തുകളും ചിത്രങ്ങളും അയച്ചിരുന്നു. തനിക്ക് സാമീപ്യമറിയിച്ചവർക്ക് നന്ദി പ്രകടിപ്പിച്ച പാപ്പാ, പ്രാർത്ഥനകൾ തുടരാൻ ഏവരോടും അഭ്യർത്ഥിച്ചു.

ഫെബ്രുവരി 18 ചൊവ്വാഴ്ച വൈകുന്നേരം ആറുമണിക്കാണ് വത്തിക്കാൻ പ്രെസ് ഓഫിസ് പാപ്പായുടെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പത്രക്കുറിപ്പിറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *