റോബിന് ബസ് ഉടമക്ക് എന്തിനാണിത്ര വാശിയെന്ന് മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. വാഹന ഉടമ ഇങ്ങനെ ബഹളംവെക്കുന്നതിന് പകരം കോടതിയില്‍ പോയി അനുമതി വാങ്ങണമെന്നും ഗണേഷ്കുമാര് പറഞ്ഞു. അനുമതിയുണ്ടെങ്കില്‍ ആരും ചോദിക്കില്ല.
വാഹനമോടിക്കാന്‍ കോടതി അനുമതി വേണം. പിഴ ഈടാക്കിയത് കോടതി നിയമലംഘനമുള്ളതിനാല്‍. വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല. ബസ് ഓടിക്കാന്‍ കോടതി അനുമതി നല്കിയാല് പിന്നെ ആരും ചോദിക്കില്ല. നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്നാട്ടിലും ഫൈന്‍ ഈടാക്കിയതെന്നും കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു.
‘എന്തിനാണ് ഇങ്ങനെ ആവശ്യമില്ലാത്ത വര്‍ത്തമാനം പറഞ്ഞ് ബഹളം വെക്കുന്നത്. അദ്ദേഹത്തിന് കോടതിയില്‍ പോകാമല്ലോ. കോടതി പറഞ്ഞാല്‍ അദ്ദേഹത്തിന് ധൈര്യമായി ഓടാമല്ലോ. കോടതി പറഞ്ഞതിന് എതിരെ പറയാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ. അത് ചെയ്യട്ടെ. എന്റെ കയ്യില്‍ ഒരു നിയമമുണ്ടെന്ന് ഞാന്‍ പറയുന്നതല്ലാതെ ആ നിയമത്തിനൊരു വ്യക്തതയുണ്ടാകണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുക.
നിയമലംഘനമുള്ളതുകൊണ്ടാണല്ലോ തമിഴ്നാട്ടില്‍ ഈ വണ്ടി പിടിച്ചത്. ഇവിടുത്തെ മന്ത്രിയും എം.വി.ഡിയുമല്ലല്ലോ തമിഴ്നാട്ടിലുള്ളത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ തര്‍ക്കം തീര്‍ക്കാന്‍ കോടതിക്ക് മാത്രമേ അധികാരമുള്ളൂ. സോഷ്യല്‍ മീഡിയ വഴിയുള്ള അമിത പ്രചാരണമാണ് ഇത്രയും പിന്തുണ കിട്ടാന്‍ കാരണം. അതിനപ്പുറം വേറൊന്നുമില്ല. ഈ രാജ്യത്ത് ഒരു നിയമമുണ്ട് അതിനാനുസരിച്ച് മാത്രമേ ആരായാലും ഇവിടെ ജീവിക്കാനാകൂ’. ഗണേഷ്കുമാര് പറഞ്ഞു.
അതേസമയം, തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിന് ബസ് ഉടമ ഇന്ന് കത്ത് നല്‍കും. ഗാന്ധിപുരം ആര്‍ടി ഓഫീസിലെത്തിയാണ് റോബിന് ബസ് ഉടമ ഗിരീഷ് കത്ത് നല്‍കുക. ഓഫീസ് അവധിയായതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ഡയറക്ടര്‍ എത്തിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തമിഴ്നാട് ആര്‍ടിഒ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസുടമ കത്ത് നല്‍കുന്നത്.
കഴിഞ്ഞദിവസമാണ് റോബിന് ബസ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. പെര്‍മിറ്റ് ലംഘിച്ചതില്‍ ഗാന്ധിപുരം ആര്.ടി.ഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. ലംഘനം എന്താണെന്ന് ആര്.ടി.ഒ വ്യക്തമാക്കുന്നില്ലെന്ന് ബസ് ഉടമ റോബിന് ഗിരീഷ് പറഞ്ഞിരുന്നു.
അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുമായി സര്‍വീസ് നടത്തുന്ന റോബിന് ബസ് നേരത്തെ കോയമ്പത്തൂര്‍ ചാവടിയില്‍ വച്ച് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞിരുന്നു. ബസ് ഗാന്ധിപുരം സെന്‍ട്രല്‍ ആര്.ടി.ഒ ഓഫീസിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നലെയാണ് ബസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ആള് ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ നിയമവിരുദ്ധത ഉണ്ടെന്നാരോപിച്ച് കെ.എസ്.ആര്.ടി.സി നല്കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദേശസാത്കൃത റൂട്ടിലൂടെ ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത വാഹനങ്ങള്‍ നിയന്ത്രിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.
ഓള് ഇന്ത്യ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ദേശീയപാത വഴി സര്‍വീസ് നടത്തുന്ന റോബിന് ബസ്സിനെ തടയുകയാണ് ഹരജിയുടെ ലക്ഷ്യം. ഓള് ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് എടുത്ത കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജായി ഉപയോഗിക്കുന്നുവെന്നതാണ് നിലവിലുള്ള ആക്ഷേപം.
- ഇപി ജയരാജന്റെ പ്രവർത്തനത്തിലെ പോരായ്മ പരിഹരിക്കാൻ ശ്രമിച്ചിട്ട് വിജയിച്ചില്ലെന്ന് എംവി ഗോവിന്ദൻ
- മനു ഭാക്കറിൻ്റെ പേരില്ല; ഖേൽ രത്ന പുരസ്കാര ലിസ്റ്റ് വിവാദത്തിൽ
- പെൻഷൻ പരിഷ്കരണ കുടിശിക ലഭിക്കാതെ എത്ര പേർ മരണപ്പെട്ടു? കെ.എൻ. ബാലഗോപാലിന്റെ മറുപടി ഇങ്ങനെ
- വിജയരാഘവൻ പറഞ്ഞത് പാർട്ടി നിലപാട്; പിന്തുണയുമായി സിപിഎം നേതാക്കൾ
- സ്വീകരിക്കാന്‍ എംപിയും യാത്രക്കാരും സ്റ്റേഷനില്‍; മെമു ട്രെയിന്‍ നിര്‍ത്താതെ പോയി