ഉത്തര്‍പ്രദേശില്‍ സംസ്ഥാന വ്യാപകമായി ഹലാല്‍ സാക്ഷ്യപത്രമുള്ള ആഹാരസാധനങ്ങള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ്. നിരോധനം ഉടനടി പ്രാബല്യത്തിലാക്കാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശം.

ഹലാല്‍ മുദ്രയുള്ള ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സൗന്ദര്യവസ്തുക്കള്‍, എന്നിവയ്ക്ക് നിരോധനം ബാധകമാണ്.

ഹലാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തതിന് ഒരു കമ്പനിക്കും മൂന്ന് സംഘടനകള്‍ക്കുമെതിരെ ലഖ്നൗ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്തിന് പിന്നാലെയാണ് നിരോധനം.

ഹലാലെന്ന് സാക്ഷ്യപ്പെടുത്തിയ വെജിറ്റേറിയന്‍ ഉത്പന്നങ്ങളായ എണ്ണ, സോപ്പ്, ടൂത്ത്‌പേസ്റ്റ് എന്നിവയുടെ വില്‍പ്പനയ്‌ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചില കമ്പനികള്‍ ഒരു പ്രത്യേക സമൂഹത്തിനുള്ളില്‍ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ചൂഷണം ചെയ്യുന്നുവെന്നായിരുന്നു പരാതി. ഈ നിയമവിരുദ്ധ പ്രവര്‍ത്തനം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുപി സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.

ഹലാല്‍ സര്‍ട്ടിഫിക്കറ്റ് രാജ്യത്തെ സാമുദായിക സൗഹാര്‍ദം തകര്‍ക്കുകയും ദേശവിരുദ്ധ ശക്തികള്‍ക്ക് ഗുണം ചെയ്യുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകര സംഘടനകള്‍ക്ക് ഫണ്ട് ചെയ്യാനാണ് ഹലാല്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്നുള്ള സാമ്പത്തിക നേട്ടം ഉപയോഗിക്കുന്നതെന്ന തരത്തിലാണ് പരാതി.

ചെന്നൈയിലെ ഹലാല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ന്യൂഡല്‍ഹിയിലെ ജാമിയത്ത് ഉലമ ഹിന്ദ് ഹലാല്‍ ട്രസ്റ്റ്, മുംബൈയിലെ ഹലാല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, മുംബൈയിലെ ജമിയത്ത് ഉലെമ എന്നിവര്‍ക്കെതിരെയും വ്യക്തികള്‍ക്കുമെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

ക്രിമിനല്‍ ഗൂഢാലോചന, വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തുന്ന ബോധപൂര്‍വമായ വാക്കുകള്‍ ഉച്ചരിക്കല്‍, കൊള്ള, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ വകുപ്പുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പൊതുജനങ്ങളുടെ താത്പര്യപ്രകാരമാണ് നിരോധനമെന്നാണ് വിശദീകരണം. ഭക്ഷ്യ കമ്മിഷണറാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.