Politics

ബിജെപിയുടെ ഹമാസ് വിരുദ്ധ സമ്മേളനം: രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടകന്‍, കോഴിക്കോട്ടേ പരിപാടിക്ക് ക്രൈസ്തവ സഭകള്‍ക്കും ക്ഷണം

കോഴിക്കോട്ട് ഹമാസ് വിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി. ഭീകരവിരുദ്ധ സമ്മേളനം എന്ന പേരില്‍ ഡിസംബര്‍ രണ്ടിന് വൈകുന്നേരം മുതലക്കുളത്താണ് പരിപാടി സംഘടിപ്പിക്കുക. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും. ക്രിസ്ത്യന്‍ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്ന് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ പറഞ്ഞു.

ഹമാസ്- ഇസ്രയേല്‍ യുദ്ധത്തിന് പിന്നാലെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം പരിപാടി നടത്തുകയും കെപിസിസി നവംബര്‍ 23ന് പരിപാടന്‍ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ബിജെപി ഹമാസ് വിരുദ്ധ സമ്മേളനം നടത്തുന്നത്.

ഹമാസിനെ വെള്ളപൂശാനും ഭീകരത വളര്‍ത്താനും സംഘടിത ശ്രമം നടക്കുന്നതായി വി.കെ. സജീവന്‍ ആരോപിച്ചു. ഹമാസ്- ഇസ്രയേല്‍ യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടന്ന റാലികള്‍ക്കെതിരെ അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു. അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണം ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഇസ്രയേലിന്റേത് സ്വയം പ്രതിരോധമാണെന്നും സജീവന്‍ പറഞ്ഞു.

കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രിയടക്കം പരസ്യമായി വിമര്‍ശിക്കുകയും വിവിധ പരാതികളില്‍ അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖറെ ഉദ്ഘാടകനായി ബിജെപി പരിപാടി നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.

നേരത്തെ, മുസ്ലിം ലീഗിന്റേയും സി.പി.എമ്മിന്റേയും പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികള്‍ കോഴിക്കോട് നടന്നിരുന്നു. നവംബര്‍ 23-ന് കോണ്‍ഗ്രസിന്റെ പരിപാടിയും കോഴിക്കോട് കടപ്പുറത്ത് നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *