Kerala

കലോത്സവ ഭക്ഷണത്തില്‍ വിവാദം വേണ്ട: ഇത്തവണയും വെജിറ്റേറിയന്‍ മാത്രമെന്ന് വി. ശിവന്‍കുട്ടി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇത്തവണയും വെജിറ്റേറിയന്‍ ഭക്ഷണം മാത്രമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

കഴിഞ്ഞ കലോത്സവത്തിലെ ഭക്ഷണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം നേരത്തെ അറിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണ കാര്യത്തില്‍ ഇനിയൊരു സംശയവും ആരും ഉയര്‍ത്തേണ്ടതില്ല.

കലോത്സവത്തിന്റെ സ്വര്‍ണക്കപ്പ് കോഴിക്കോടുനിന്ന് കൊല്ലത്തേക്ക് ആഘോഷപൂര്‍വം കൊണ്ടുവരുമെന്നും മേള കുട്ടികള്‍ക്ക് യാതൊരു പ്രയാസവുമില്ലാത്ത നിലയില്‍ വളരെ കുറ്റമറ്റ നിലയില്‍ ശാസ്ത്രീയമായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്ട് നടന്ന കഴിഞ്ഞതവണത്തെ സ്‌കൂള്‍ കലോത്സവത്തില്‍ സസ്യേതര വിഭവങ്ങളും അടുത്ത തവണ മുതല്‍ കലോത്സവത്തില്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത് ഏറെ വിവാദമായിരുന്നു.

മത്സ്യവും മാംസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്നും ഇത്തവണ എന്തുകൊണ്ടാണ് അത് ഇല്ലാതെ പോയതെന്ന് പരിശോധിക്കുമെന്നുമായിരുന്നു കോഴിക്കോട്ട് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നത്. ഇത് സമൂഹത്തില്‍ അനാവശ്യമായ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *