1.05 കോടി രൂപയ്ക്ക് മുഖ്യമന്ത്രിക്ക് സ്‌പെഷ്യല്‍ ബസ്; പണം അനുവദിച്ച് ധനവകുപ്പ് | Exclusive

മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുമായി സംവദിക്കാനെത്തുന്നത് ഒരുകോടി അഞ്ച് ലക്ഷം രൂപയുടെ സ്‌പെഷ്യല്‍ ബസില്‍. അത്യാഡംബര സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന ബസിന്റെ നിര്‍മ്മാണം ബംഗളൂരുവില്‍ പുരോഗമിക്കുകയാണ്.

സ്‌പെഷ്യല്‍ ബസ് കേരളത്തിലെത്തിക്കാന്‍ പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവ് ഇറക്കി. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്.

5 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണം. അതുകൊണ്ടാണ് ബസ് വാങ്ങിക്കാന്‍ ട്രഷറി നിയന്ത്രണം ഒഴിവാക്കിയത്. ബസ് വാങ്ങിക്കാന്‍ 1,05,20,000 രൂപ വേണമെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി. ബിജു പ്രഭാകര്‍ സെപ്റ്റംബര്‍ 22ന് കത്ത് മുഖേന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കത്ത് പരിശോധിച്ച പബ്‌ളിക്ക് ഇന്‍ഫര്‍മേഷന്‍ ബസ് വാങ്ങാന്‍ 1.05 കോടി വേണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 8 ധനവകുപ്പിനെ സമീപിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണെങ്കിലും മുഖ്യമന്ത്രിക്ക് സഞ്ചരിക്കേണ്ട ബസ് ആയതിനാല്‍ നവംബർ 10ന് ബാലഗോപാല്‍ പണം അനുവദിച്ചു. ബസില്‍ മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ വിശാല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാരും ബസില്‍ സഞ്ചരിക്കുമെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

2021 മെയ് മാസത്തിനു ശേഷം മുഖ്യമന്ത്രിക്ക് മാത്രം 4 പുതിയ കാറുകള്‍ ആണ് വാങ്ങിയത്. 2.50 കോടി രൂപയായിരുന്നു ചെലവ്. വെള്ള ഇന്നോവ ക്രിസ്റ്റ മാറ്റി കറുത്ത കിയ കാര്‍ണിവല്‍, ഡല്‍ഹിയില്‍ സഞ്ചരിക്കാന്‍ പ്രത്യേക വാഹനം, കണ്ണൂര്‍ സഞ്ചരിക്കാന്‍ മറ്റൊരു കാര്‍ എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം. നവകേരള സദസിന്റെ പേരില്‍ 1.05 കോടിയുടെ ആഡംബര ബസും കൂടിയായതോടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങളുള്ള മുഖ്യമന്ത്രിയായി പിണറായി മാറി.

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് നവകേരള സദസ്. സര്‍ക്കാര്‍ ചെലവില്‍ എല്‍.ഡി.എഫിന്റെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണമാണ് നവകേരള സദസ്. വ്യാപക പണ പിരിവാണ് നവകേരള സദസിന്റെ മറവില്‍ നടക്കുന്നത്. കൂപ്പണോ രസീതോ ഇല്ലാതെ പിരിക്കാനുള്ള സൗകര്യവും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. നവകേരള സദസിന്റെ മറവില്‍ 1500 കോടിയുടെ പിരിവാണ് സി.പി.എം ലക്ഷ്യമിടുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments