രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍; അബിനും അരിതയും വൈസ് പ്രസിഡന്റുമാര്‍

അബിൻ വർകി, അരിത ബാബു, രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടുകള്‍ നേടിയാണ് രാഹുലിന്റെ തെരഞ്ഞെടുപ്പ് വിജയം. 1,68,588 വോട്ടുകള്‍ നേടി അബിന്‍ വര്‍ക്കി രണ്ടാം സ്ഥാനത്തെത്തി. അരിത ബാബുവാണ് മൂന്നാം സ്ഥാനത്ത്. 31,930 വോട്ടുകള്‍ നേടി.

അബിന്‍, അരിത ബാബു എന്നിവരടക്കം 10 പേര്‍ വൈസ് പ്രസിഡന്റുമാരാകും. ഐ ഗ്രൂപ്പിന് ആറ് ജില്ലാ പ്രസിഡന്റുമാരെയും എ ഗ്രൂപ്പിന് അഞ്ചു ജില്ലാ പ്രസിഡന്റുമാരെയും ലഭിച്ചു. എറണാകുളത്തെ ഫലം പ്രഖ്യാപിച്ചില്ല. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ ആകെ 7,29,626 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 2,16,462 വോട്ടുകള്‍ അസാധുവായി. തെരഞ്ഞെടുപ്പു നടന്നു രണ്ടുമാസങ്ങള്‍ക്കു ശേഷമാണു ഫലം വരുന്നത്.

വ്യക്തിപരമായ ഉത്തരവാദിത്തവും സംഘടനാബോധവും കൂട്ടുനിന്ന വിജയമാണിതെന്നും ഫലമറിയാന്‍ ഉമ്മന്‍ ചാണ്ടി ഇല്ലയെന്നത് സങ്കടമെന്നും വിജയത്തിനുപിന്നാലെ രാഹുല്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പു പോരാട്ടം നേതാക്കള്‍ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി അംഗവുമാണ് രാഹുല്‍. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും എന്‍.എസ്.യു ദേശീയ സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടി. എം.ജി യൂണിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി ചെയ്യുന്നു. പത്തനംതിട്ട അടൂര്‍ സ്വദേശിയാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് അബിന്‍. എന്‍.എസ്.യു ദേശീയ സെക്രട്ടറി ആയിരുന്നു. കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം എന്‍ജിനീയറിങ് കോളജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങിലും ലോ അക്കാദമിയില്‍നിന്ന് നിയമത്തിലും ബിരുദം നേടി. എറണാകുളം കോലഞ്ചേരി സ്വദേശിയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments