
രാജ്ഭവനില്‍ തുണി അലക്കാന്‍ ആളില്ലെന്ന് ഗവര്‍ണര്‍; ഉടനടി നടപടിയുമായി മുഖ്യമന്ത്രി
ഗവര്‍ണറുടെ തുണി അലക്കാന്‍ 32,000 രൂപ ശമ്പളത്തില്‍ ധോബിയെ ക്ഷണിച്ചു
തിരുവനന്തപുരം: രാജ് ഭവനില്‍ തുണി അലക്കാന്‍ ആളില്ല. അടിയന്തിരമായി ധോബിയെ നീയമിക്കണമെന്ന് ഗവര്‍ണറുടെ കത്ത്. ഉടനെ നിയമിക്കാമെന്ന് പിണറായിയും.
പിന്നാലെ തന്നെ, രാജ്ഭവനില്‍ ധോബിയെ നിയമിക്കാന്‍ സര്‍ക്കാര്‍ ഡപ്യൂട്ടേഷന് ക്ഷണിച്ച് നവംബര്‍ 2 ന് സര്‍ക്കുലറും ഇറക്കി. നവംബര്‍ 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. 23,700 – 52,600 എന്ന ശമ്പള സ്കെയിലാണ് ധോബിയുടേത്. ശമ്പളം മാത്രം 32000 രൂപ ധോബിക്ക് കിട്ടും.
രാജ്ഭവനില്‍ 3 ധോബിമാരാണ് ഉള്ളത്. 2 ധോബിയും അവരുടെ മേല്‍ നോട്ടത്തിനായി 1 ഹെഡ് ധോബിയും. ഹെഡ് ധോബിയുടെ ശമ്പള സ്കെയില്‍ 24,400 – 55,200 ആണ്. ഹെഡ് ധോബിയുടെ മാസ ശമ്പളം 40,000 രൂപ. ഇതിലെ ഒരു ധോബിയുടെ ഒഴിവിലേക്കാണ് സര്‍ക്കാര്‍ ഡപ്യൂട്ടേഷന് വിളിച്ചിരിക്കുന്നത്.
ധോബിമാരെ സഹായിക്കാന്‍ 5 പേരെ ദിവസ വേതനത്തില്‍ നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ തയ്യല്‍ക്കാരനെ രാജ്ഭവനില്‍ നിയമിച്ചത്. തയ്യല്ക്കാരന് ഒഴിവ് ഉണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സര്‍ക്കാരിന്റെ നിയമനം.

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പൊരിഞ്ഞ പോര് എന്നൊക്കെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയെങ്കിലും രാജ്ഭവനില്‍ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാല്‍ അപ്പോള്‍ തന്നെ അത് പരിഹരിക്കുന്നതില്‍ മുഖ്യമന്ത്രി വീഴ്ച വരുത്താറില്ല.
സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആയിരിക്കുമ്പോള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കും. തിരിച്ച് മുഖ്യമന്ത്രി ഗവര്‍ണറേയും വിമര്‍ശിക്കും. അതോടെ മാധ്യമ ശ്രദ്ധ അങ്ങോട്ട് തിരിയും. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പയറ്റുന്ന സ്ഥിരം നാടകമാണ് ഇരുവരുടേയും തര്‍ക്കം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഇത് കൃത്യമായി ചൂണ്ടികാണിച്ചിട്ടുണ്ട്.
172 സ്ഥിരം ജീവനക്കാരും 250 ഓളം കരാര്‍ ജീവനക്കാരും ജോലി ചെയ്യുന്നത് രാജ്ഭവന്റെ ഒരു വര്‍ഷത്തെ ചെലവ് 13 കോടിയാണ്. പലപ്പോഴും ഇത് അധികരിക്കാറുണ്ട്. അധികമായി പണം വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ പിണറായി ഉടന്‍ അനുവദിക്കും. ഗവര്‍ണര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് തയ്യല്‍ക്കാരനും തുണി അലക്കുക്കാരനും എല്ലാം അപ്പോഴപ്പോള്‍ സര്‍ക്കാര്‍ കൃത്യമായി നല്‍കും.
- തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി!
- റവന്യു വകുപ്പിന്റെ ഉഴപ്പ്! കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരം സംരക്ഷിത സ്മാരകം ആക്കാനുള്ള നീക്കം വൈകുന്നു
- സീസണിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും
- നരേന്ദ്ര മോദിക്ക് മൗറിഷ്യസ് പരമോന്നത ബഹുമതി
- വേനലും ചൂടും; കോട്ടും ഗൗണും ഇല്ലാതെ കോടതിയിൽ ഹാജരാകാൻ അനുവദിക്കണമെന്ന് അഭിഭാഷക അസോസിയേഷൻ