ഫാത്തിമയുടേത് ദുരഭിമാനക്കൊല; കമ്പിവടി കൊണ്ടടിച്ചും വിഷം കുടിപ്പിച്ചും കൊലപ്പെടുത്തിയത് പിതാവ് അബീസ്

പ്രബുദ്ധ കേരളത്തിലും ദുരഭിമാനക്കൊലകള്‍ വർദ്ധിക്കുന്നു. ആലുവയില്‍ പത്താം ക്ലാസുകാരിയായ ഫാത്തിമയെ പിതാവ് അബീസ് കൊലപ്പെടുത്തിയതിന് കാരണം അന്യമതസ്ഥനുമായുള്ള പ്രണയം.

കമ്പി വടികൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചും വിഷം കുടിപ്പിച്ചുമാണ് സ്വന്തം പിതാവ് 14 വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. വിഷം ഉള്ളില്‍ചെന്ന ഫാത്തിമ പത്ത് ദിവസമാണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ മരണവുമായി മല്ലിട്ടത്.

ഇതര മതസ്ഥനുമായുള്ള പ്രണയത്തില്‍ നിന്ന് പിന്‍മാറാന്‍ പിതാവ് അബീസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാവാതെ വന്നതോടെയാണ് സ്വന്തം മകളെ ഇയാള്‍ ഇത്ര ക്രൂരമായി കൊലപ്പെടുത്തിയത്. അബീസിനെ (43) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഫാത്തിമ

ഒക്ടോബര്‍ 29ന് രാവിലെയാണ് സംഭവമുണ്ടായത്. ആദ്യം കമ്പി വടികൊണ്ട് അടിക്കുകയും പിന്നീട് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി വായില്‍ നിര്‍ബന്ധിച്ച് ഒഴിക്കുകയുമായിരുന്നു. പെണ്‍കുട്ടി കീടനാശിനി തുപ്പിക്കളയാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഛര്‍ദിച്ച് അവശയായി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷം ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. അന്നു മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

അബീസ്

ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ അമ്മയും ബന്ധുക്കളുമാണ് ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തി. അച്ഛന്‍ ബലംപ്രയോഗിച്ച് വിഷം വായില്‍ ഒഴിക്കുകയായിരുന്നെന്നാണ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി. മാതാവിന്റെയും ബന്ധുക്കളുടെയും മൊഴിയുമെടുത്തിരുന്നു.

നവംബര്‍ ഒന്നിനു കേസ് റജിസ്റ്റര്‍ ചെയ്ത ആലങ്ങാട് പൊലീസ് അന്നു തന്നെ അബീസിനെ അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡിലായിരുന്ന പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ചോദ്യം ചെയ്തുവരുമ്പോഴാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത്. കളനാശിനി വലിയ അളവില്‍ അകത്ത് ചെന്നതോടെ കുട്ടിയുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു.

കേരളത്തിലും ദുരഭിമാനക്കൊലകള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ അഞ്ചാമാത്തെ സംഭവമാണ് ആലുവയില്‍ നടന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments