മിസോറാമില്‍ അതിശക്തമായ ത്രികോണ പോരാട്ടം. ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും പ്രതിപക്ഷമായ സൊറാം പീപ്പിള്‍സ് മുവ് മെന്റും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്.

മണിപ്പൂര്‍ കലാപം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രചരണം അഴിച്ചുവിട്ടതോടെ ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് വെട്ടിലായി. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ ഭാഗമാണ് മിസോ നാഷണല്‍ ഫ്രണ്ട്.

മണിപ്പൂര്‍ കലാപത്തിന്റെ ഇരകളായ സോ ഗോത്ര പരമ്പരയില്‍പെട്ട പതിനയ്യായിരത്തോളം കുക്കി വംശജരാണ് മിസോറാമില്‍ അഭയം തേടിയിരിക്കുന്നത്. മണിപ്പൂരിലെ നൂറിലധികം ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്തതും ക്രിസ്ത്യന്‍ ഭൂരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്.

ഇന്ത്യയുടെ വൈവിധ്യം നിലനിര്‍ത്താനും മണിപ്പൂര്‍ ആവര്‍ത്തിക്കാതിരിക്കാനും കോണ്‍ഗ്രസിനെ ജയിപ്പിക്കണമെന്ന പ്രചരണത്തിന് ലഭിക്കുന്നത് വന്‍ സ്വീകാര്യതയാണ്.

രാഹുല്‍ ഗാന്ധി, ശശി തരൂര്‍, ജയറാം രമേശ് എന്നിവരാണ് കോണ്‍ഗ്രസ് പ്രചരണം നയിച്ചത്. ബിജെപിക്ക് വേണ്ടി പ്രചരണം നയിച്ചത് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു, നാഗലാന്‍ഡ് ഉപമുഖ്യമന്ത്രി വൈ പാറ്റോണ്‍, അനില്‍ ആന്റണി എന്നിവരാണ്. കഴിഞ്ഞ തവണ 39 സീറ്റില്‍ മല്‍സരിച്ചെങ്കിലും ഒരു സീറ്റിലാണ് ബി.ജെ.പി ജയിച്ചത്. ഇത്തവണ 23 സീറ്റുകളിലാണ് മല്‍സരിക്കുന്നത്.

ഭൂരിഭാഗം സീറ്റുകളും ജയിക്കുമെന്ന അനില്‍ ആന്റണിയുടെ അവകാശ വാദം പുതുപ്പള്ളിയില്‍ ഇത്തവണ ബി.ജെ.പി എന്ന തരത്തില്‍ മാത്രമേ കാണാന്‍ സാധിക്കൂ. ചെറുപ്പക്കാരേയും പ്രൊഫഷണലുകളേയും സ്ഥാനാര്‍ത്ഥിയാക്കിയാണ് പ്രതിപക്ഷമായ സൊറാം പീപ്പിള്‍സ് മുവ്‌മെന്റ് ഇറങ്ങുന്നത്. ഇവര്‍ക്ക് ബി.ജെ.പിയുമായി രഹസ്യ ധാരണയുണ്ട് എന്നത് പരസ്യമായ രഹസ്യം.

2018 ലെ തെരഞ്ഞെടുപ്പില്‍ മിസോ നാഷണല്‍ ഫ്രണ്ട് 28 സീറ്റും കോണ്‍ഗ്രസ് 5 സീറ്റും ബി.ജെ.പി 1 സീറ്റും സ്വതന്ത്രരായി മല്‍സരിച്ച സൊറാം പീപ്പിള്‍സ് മുവ്‌മെന്റ് 6 സീറ്റും നേടി. 1987 ല്‍ മിസോറാം ഒരു സംസ്ഥാനമായി വേര്‍പിരിഞ്ഞത് മുതല്‍ കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും മാറി മാറി ഭരിക്കുകയായിരുന്നു.

അഴിമതി, തൊഴിലില്ലായ്മ എന്നിവയ്ക്ക് പുറമേ മണിപ്പൂര്‍ കലാപം പ്രധാന തെരഞ്ഞെടുപ്പ് വിഷയമായതിന്റെ പരിഭ്രാന്തിയിലാണ് മിസോ നാഷണല്‍ ഫ്രണ്ടും ബി.ജെ.പിയും. അതുകൊണ്ട് തന്നെ അനില്‍ ആന്റണിക്ക് ബി.ജെ.പി ചെലവില്‍ മിസോറാം കാണാന്‍ സാധിച്ചു എന്നതിലപ്പുറം വലിയ പ്രതീക്ഷകള്‍ ബി.ജെ.പി ആരാധകര്‍ക്കും ഇല്ല.