ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ആകെ കളംമാറ്റം
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്ന് മത്സരിക്കാന്‍ താല്‍പര്യക്കുറവ് പ്രകടമാക്കി ഇ.ടി. മുഹമ്മദ് ബഷീര്‍. ഇതുസംബന്ധിച്ച തന്റെ നിലപാട് നേതൃത്വവുമായി പങ്കുവെച്ചതായാണ് സൂചന.
ജില്ലാമുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങളും സമസ്തയുടെ നിലപാടുമാണ് മണ്ഡലം മാറ്റത്തിന് ഇ.ടിയെ പ്രേരിപ്പിക്കുന്നത്.
സി.പി.എമ്മിന്റെ റാലിയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന ഇ.ടി മുഹമ്മദ് ബഷീറിന്റെ പരാമര്‍ശം കോണ്‍ഗ്രസിനോടുള്ള അതൃപ്തിയെ തുടര്‍ന്നെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ സംഘടനാതല പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടാക്കാത്തതും പലസ്തീന്‍ വിഷയത്തിലെ ഉദാസീനതയും ആണ് ഇ.ടിയെ ചൊടിപ്പിച്ചത്. ആര്യാടന്‍ ഷൗക്കത്തിന്റെ നീക്കം പൊന്നാനിയില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയും ഇ.ടിക്ക് ഉണ്ട്.
മലപ്പുറം കോണ്‍ഗ്രസിലെ രൂക്ഷമായ ഗ്രൂപ്പ് വടംവലി അതിന്റെ മൂര്‍ധന്യത്തില്‍ എത്തിനില്‍ക്കുകയാണ്. ആര്യടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കം പൊന്നാനിയില്‍ മുസ്ലിംലീഗിന്റെ സാധ്യതയെ തുരങ്കം വെക്കുമോ എന്നാണ് ആശങ്ക. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ ലംഘിച്ച് മലപ്പുറത്ത് റാലി നടത്താന്‍ ആര്യാടന്‍ ഷൗക്കത്ത് തയ്യാറായത് ചില ഉറപ്പുകളുടെ പിന്‍ബലത്തിലാണെന്നാണ് കോണ്‍ഗ്രസ് നേതൃവും മുസ്ലിംലീഗും കരുതുന്നത്. പൊന്നാനിയില്‍ ഇടത് സ്വതന്ത്രനായി ആര്യാടന്‍ ഷൗക്കത്തിനെ രംഗത്തിറക്കാന്‍ മാനസികമായി തയ്യാറെടുത്തിരിക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം.
പൊന്നാനിയില്‍ 2009 മുതല്‍ സ്വതന്ത്രന്‍മാരെ രംഗത്തിറക്കാറുള്ള ഇടത് മുന്നണിക്ക് കിട്ടാവുന്ന മികച്ച സ്ഥാനാര്‍ത്ഥിയായിരിക്കും ആര്യാടന്‍ ഷൗക്കത്തെന്ന് സിപിഎമ്മിന് ഉറപ്പുണ്ട്. അങ്ങനെ സംഭവിച്ചാല്‍ മത്സരം കടുക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീറിനും ബോധ്യമുണ്ട്. അതുകൊണ്ട് മലപ്പുറം എന്ന ഉറച്ച കോട്ടയിലേക്ക് മാറ്റംകിട്ടുന്നതായിരിക്കും ലീഗിനും നേതാക്കള്‍ക്കും നല്ലതെന്നാണ് കരുതുന്നത്. അണികള്‍ക്കും ഇ.ടിയെ മലപ്പുറത്തേക്ക് ക്ഷണിക്കുന്നതില്‍ വിയോജിപ്പുകളില്ലെന്നതാണ് ഒരു പ്ലസ് പോയിന്റാണ്.
സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യാര്‍ഢ്യ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് നേരത്തെ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ കോണ്‍ഗ്രസിന് കൃത്യമായ സന്ദേശം നല്‍കാന്‍ കൂടിയാണ് ഇടി യുടെ പ്രതികരണത്തില്‍ തീരുമാനം വൈകിപ്പിച്ചത്.