തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദുവിന് കണ്ണട വാങ്ങിയതിന് ചെലവായ 30,500 രൂപ അനുവദിച്ച് ഉത്തരവിറങ്ങി.

ഏപ്രില്‍ 28 ന് തിരുവനന്തപുരം ലെന്‍സ് & ഫ്രെയിംസില്‍ നിന്നാണ് ബിന്ദു കണ്ണട വാങ്ങിയത്. അന്ന് തന്നെ കണ്ണട വാങ്ങിയതിന് ചെലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ ബിന്ദുവിന്റെ കണ്ണട ചെലവും കുരുങ്ങി. മാസങ്ങളായിട്ട് കണ്ണടക്ക് ചെലവായ തുക കിട്ടാതായതോടെ ബിന്ദു പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു. പണം അടിയന്തിരമായി അനുവദിക്കാന്‍ മുഖ്യമന്ത്രി പൊതുഭരണ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. പൊതു ഭരണ അക്കൗണ്ട് സില്‍ നിന്ന് ഇന്ന് പണം അനുവദിച്ച് ഉത്തരവും ഇറങ്ങി.

അപേക്ഷിച്ചിട്ട് 6 മാസം കഴിഞ്ഞാണ് മന്ത്രി ബിന്ദുവിന് കണ്ണടക്ക് ചെലവായ തുക കിട്ടിയത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ രൂക്ഷത ഇതില്‍ നിന്ന് വ്യക്തം.

ശൈലജ ടീച്ചര്‍ മന്ത്രിയായപ്പോള്‍ കണ്ണട വാങ്ങിയത് 29000 രൂപയ്ക്കാണ്. ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍ ആയിരുന്നപ്പോള്‍ 49,900 രൂപക്കാണ് കണ്ണട വാങ്ങിയത്. കണ്ണടക്ക് ചെലവായ അരലക്ഷം രൂപ ശ്രീരാമകൃഷ്ണനും ഖജനാവില്‍ നിന്ന് വാങ്ങി.

1.22 കോടിയാണ് ഡോ. ആര്‍. ബിന്ദുവിന്റെ ആസ്തി. കോടീശ്വരിയായ ബിന്ദു കണ്ണട വാങ്ങുന്നതും സര്‍ക്കാര്‍ ചെലവില്‍. സാമ്പത്തിക പ്രതിസന്ധി കാലത്ത് കണ്ണട വിലയില്‍ ശൈലജ ടീച്ചറേയും കടത്തി വെട്ടിയിരിക്കുകയാണ് മന്ത്രി ബിന്ദു.

മന്ത്രി ആയാല്‍ മൊട്ട് സൂചി പോലും വാങ്ങാന്‍ കയ്യില്‍ നിന്ന് പണം മുടക്കണ്ട. എല്ലാം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലഭിക്കും. കുടുംബത്തിന്റെ ചികില്‍സ ഉള്‍പ്പെടെ എല്ലാം ഫ്രീ. നികുതി വര്‍ധനയോ , വാട്ടര്‍ ചാര്‍ജ് വര്‍ധനയോ, കറന്റ് ചാര്‍ജ് വര്‍ധനയോ, ഇന്ധന വിലയോ ഒന്നും മന്ത്രിമാരെ ബാധിക്കില്ല. മന്ത്രിമാര്‍ ഓരോ ദിവസവും ഓരോന്ന് വാങ്ങിക്കൂട്ടും. ഭാരം വഹിക്കാന്‍ സര്‍ക്കാര്‍ ഖജനാവുമെന്നുള്ള വിമര്‍ശനങ്ങളും ശക്തമാണ്.