Sports

വിജയക്കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക; കിവീസിനെ തകർത്ത് പോയിന്റ് പട്ടികയിൽ ഒന്നാമത്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിജയക്കുതിപ്പ് തുടർന്ന് ദക്ഷിണാഫ്രിക്ക. കരുത്തരായ ന്യൂസിലന്‍ഡിനെ 190 റണ്‍സിന് കീഴടക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞു. 358 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലന്‍ഡിന്റെ പോരാട്ടം 167ല്‍ അവസാനിച്ചു. ന്യൂസിലന്‍ഡിന്റെ തുടർച്ചയായ മൂന്നാം തോല്‍വിയാണിത്.

ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ പുറത്തെടുത്ത പോരാട്ടവീര്യത്തിന്റെ ഒരംശം പോലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്തെടുക്കാൻ ന്യൂസിലന്‍ഡിനായില്ല. മത്സരത്തിന്റെ തുടക്കം മുതല്‍ ഒരു ഘട്ടത്തില്‍ പോലും കിവീസിന് അവസരം നല്‍കാതെയായിരുന്നു ദക്ഷിണാഫ്രിക്കൻ ബൗളിങ് നിരയുടെ തേരോട്ടം. മൂന്നാം ഓവറില്‍ തന്നെ ഡെവോണ്‍ കോണ്‍വെയെ പുറത്താക്കി മാർക്കൊ യാന്‍സണാണ് ന്യൂസിലന്‍ഡിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ക്രീസിലെത്തിയ ബാറ്റർമാർക്കാർക്കും നിലയുറപ്പിക്കാനായില്ല. യാന്‍സണും കഗിസോ റബാഡയും ജെറാള്‍ഡ് കോറ്റ്സീയും കേശവ് മഹാരാജും ചേർന്നതോടെ ന്യൂസിലന്‍ഡ് ബാറ്റിങ് 25 ഓവറിനുള്ളില്‍ തന്നെ പലിയനിലേക്ക് മടങ്ങി.

അർധ സെഞ്ചുറിയുമായി പൊരുതിയ ഗ്ലെന്‍ ഫിലിപ്സാണ് ന്യൂസിലന്‍ഡിന്റെ തോല്‍വിഭാരം കുറച്ചത്. 50 പന്തില്‍ 60 റണ്‍സാണ് താരം നേടിയത്. വില്‍ യങ് (33), ഡാരില്‍ മിച്ചല്‍ (24) എന്നിവർ മാത്രമാണ് ഫിലിപ്സിന് പുറമെ ന്യൂസിലന്‍ഡിനായി രണ്ടക്കം കടന്നത്.

ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് നാല് വിക്കറ്റ് വീഴ്ത്തി. മാർക്കൊ യാന്‍സണ്‍ (മൂന്ന് വിക്കറ്റ്), ജെറാള്‍ഡ് കോറ്റ്സീ (രണ്ട് വിക്കറ്റ്) എന്നിവരാണ് തിളങ്ങിയ മറ്റ് താരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *