NewsPolitics

‘മുഖ്യമന്ത്രിയെ മുന്നിൽ നിർത്തിയാൽ തിരഞ്ഞെടുപ്പിൽ തിരിച്ചടി‘

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം ഉന്നയിച്ചു സിപിഎം മൺറോ തുരുത്ത് ലോക്കൽ സമ്മേളനം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന വിവാദങ്ങൾ പാർട്ടിയുടെയും സർക്കാരിൻ്റെയും പ്രതിച്ഛായ തകർക്കുന്നുവെന്നും സമ്മേളന പ്രതിനിധികൾ പറഞ്ഞു.

ഇങ്ങനെ മുഖ്യമന്ത്രിയെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ തിരിച്ചടി ഉണ്ടാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി. നവകേരള സദസിന് സ്‌കൂള്‍ മതിലുകള്‍ പൊളിച്ചതല്ലാതെ എന്ത് ഗുണമുണ്ടായി, ഗുരുവന്ദനം ചടങ്ങില്‍ മുഖ്യമന്ത്രി എഴുന്നേല്‍ക്കാതെ അനാദരം കാട്ടിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി, വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായ നവോത്ഥാന സമിതി പിരിച്ചുവിടണം തുടങ്ങിയ വിമര്‍ശനങ്ങളാണ് ലോക്കല്‍ സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉന്നയിച്ചത്.

പാര്‍ട്ടി തീരുമാനങ്ങളും പരിപാടികളും യുക്തിപൂര്‍വം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കഴിയുന്നില്ലെന്നുള്ള ആരോപണവും ഉയരുന്നുണ്ട്. ഏരിയ ഘടകം നിര്‍ദേശിച്ച പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബിനു കരുണാകരനാണ് പുതിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി.നേരത്തെ ഓച്ചിറ പടിഞ്ഞാറ് ലോക്കല്‍ സമ്മളനത്തിലും എം വി ഗോവിന്ദനും പിണറായി വിജയനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു.

മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നതായും മുഖ്യമന്ത്രിയും കുടുംബവും പാര്‍ട്ടിക്ക് ബാധ്യതയാകുന്നത് പോളിറ്റ് ബ്യൂറോ നേതൃത്വം കാണുന്നില്ലെന്നുമായിരുന്നു വിമര്‍ശനം. കൂടാതെ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നുമുള്ള വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *