KeralaNews

കളമശ്ശേരി സ്ഫോടനം; മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, അന്വേഷണം എൻ ഐ എ ഏറ്റെടുത്തേക്കും

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജില്ലാ സെഷൻസ് കോടതിയിലായിരിക്കും പ്രതിയെ ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

ലഭ്യമായ തെളിവുകൾ വെച്ച് പ്രതി ഒറ്റക്കാണ് കൃത്യം ചെയ്തതെന്നും കുറ്റസമ്മത മൊഴിയുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.കൂടുതൽ പേരുടെ പങ്കാളിത്തം ഇതുവരെ കണ്ടെത്താനായിലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയംപ്രതിയുടെ വിദേശ ബന്ധം സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ പരിശോധന തുടരുകയാണ്. അന്വേഷണം എൻ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന.

ഇത് സംബന്ധിച്ച തീരുമാനം ഉടൻ ആഭ്യന്തര വകുപ്പിൽ നിന്ന് ഉണ്ടാകും. അതേസമയം, കളമശേരിയിൽ കൺവൻഷൻ സെന്ററിൽ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് ആകെ 21 പേരാണെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 16 പേർ ഐസിയുവിൽ ചികിത്സയിലാണ്. മൂന്ന് പേരുടെ നില ഗുരുതരമാണെന്നും 10 ശതമാനം പൊള്ളലേറ്റ 14 വയസുള്ള കുട്ടിയെ വാർഡിലേക്ക് മാറ്റിയെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *