മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസില്‍ പരാതിക്കാരി പോലീസില്‍ മൊഴി നല്‍കി, സാക്ഷി മൊഴികള്‍ കൂടി രേഖപ്പെടുത്തിയ ശേഷം സുരേഷ് ഗോപിയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുമെന്നാണ് സൂചന.

നടക്കാവ് പോലീസ് സ്റ്റേഷനില്‍ എത്തിയാണ് മാധ്യമപ്രവര്‍ത്തക മൊഴി നല്‍കിയത്. മൊഴി എടുക്കല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു. താമരശ്ശേരി ചീഫ് ജുഡഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പിലും പരാതിക്കാരി രഹസ്യ മൊഴിനല്‍കും, സംഭവം നടന്ന സ്വകാര്യ ഹോട്ടലില്‍ എത്തി പോലീസ് മഹ്‌സര്‍ തയ്യാറാക്കി. വരും ദിസങ്ങളില്‍ സാക്ഷി മൊഴിയെടുക്കും, അതിന് ശേഷം ആയിരിക്കും സുരേഷ് ഗോപിയുടെ അറസ്റ്റിലേക്ക് പോലീസ് കടക്കുക.

ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയതിന് 354 എ വകുപ്പ് ചുമത്തിക്കൊണ്ടാണ് സുരേഷ് ഗോപിക്കെതിരെ പോലീസ് കേസ് എടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ചോദ്യം ചോദിക്കുന്നതിന് ഇടയിലായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈ വെച്ചത്. ആ സമയത്തു താന്‍ ഭയങ്കരമായ രീതിയില്‍ ഷോക്കായെന്നും എന്താണ് ചെയ്യേണ്ടത് എന്നും എന്താണ് നടക്കുന്നത് എന്നും അറിയാത്ത അവസ്ഥയില്‍ ആയിരുന്നു മാധ്യമപ്രവര്‍ത്തക പറഞ്ഞിരുന്നു.

ആ സമയത്ത് തന്നെ താന്‍ പിന്നോട്ട് വലിയുകും ചെയ്തു. കയ്യെടുത്ത് മാറ്റാന്‍ വേണ്ടിയാണ് താന്‍ പിന്നോട്ട് വലിഞ്ഞത്. ഒരു മാധ്യമപ്രവര്‍ത്തക എന്നത് കൊണ്ട് തുടര്‍ന്നും ചോദ്യം ചോദിക്കേണ്ടതുണ്ട്. ആ സമയത്തും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെ ആണ് ഉണ്ടായതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു. സുരേഷ് ഗോപി ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞതിന് ശേഷമായിരുന്നു അവര്‍ പ്രതികരണം നടത്തിയത്. സുരേഷ് ഗോപിയുടേത് മാപ്പ് ആയി തോന്നിയില്ലെന്നും അവര്‍ പറഞ്ഞു.

ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുക, എനിക്കത് മോശമായി തന്നെയാണ് ഫീല്‍ ചെയ്തത്. അതാെരു മാപ്പ് പറച്ചിലായി തോന്നുന്നില്ല അവര്‍ പറഞ്ഞു. ഒരു വിശദീകരണം മാത്രം ആയിരുന്നു സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇനിയൊരു മാധ്യമ പ്രവര്‍ത്തകക്കും ഇത്തരമൊരു അനുഭവം ഉണ്ടാവരുതെന്നും തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്ത്രീ എന്ന നിലയില്‍ അപമാനിക്കപ്പെട്ട സംഭവം ആയിരുന്നു ഇതെന്നും മാധ്യമ പ്രവര്‍ത്തക പറഞ്ഞു.