ചെന്നൈ: ലോകകപ്പില്‍ പാകിസ്താന് ഇന്ന് ജീവന്മരണ പോരാട്ടം. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. തുടര്‍തോല്‍വികളില്‍ വലഞ്ഞ ബാബറിനും സംഘത്തിനും സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ന് ജയിച്ചേ പറ്റൂ. അതേസമയം പാകിസ്താനെതിരെ വിജയിച്ച് ഇന്ത്യയെ മറികടന്ന് ഒന്നാമതെത്താനാണ് ദക്ഷിണാഫ്രിക്ക ചെന്നൈയില്‍ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ടൂര്‍ണമെന്റിലെ തുടക്കം മികച്ചതാക്കിയ പാക് പട പിന്നീട് തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ തോല്‍വി വഴങ്ങുകയായിരുന്നു. അവസാനം നടന്ന മത്സരത്തില്‍ അഫ്ഗാനോട് കനത്ത തോല്‍വിയാണ് പാകിസ്താന്‍ വഴങ്ങിയത്.

ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് പാകിസ്താന്‍ അഫ്ഗാനോട് പരാജയപ്പെടുന്നത്. തുടര്‍ന്ന് മുന്‍ താരങ്ങളുടേതടക്കം നിരവധി വിമര്‍ശനങ്ങള്‍ ബാബറും സംഘവും ഏറ്റുവാങ്ങുകയും ചെയ്തു. താരങ്ങളുടെ സ്ഥിരതയില്ലായ്മയും ഫീല്‍ഡിങ്ങിലെ പോരായ്മയുമാണ് പാക് പട നേരിടുന്ന വെല്ലുവിളി. അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുമായി ആറാമതാണ് പാകിസ്താന്‍.അതേസമയം തകര്‍പ്പന്‍ ഫോമിലാണ് രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്ക. നെതര്‍ലന്‍ഡ്‌സിനോട് അപ്രതീക്ഷിതമായി വഴങ്ങേണ്ടി വന്ന പരാജയം ഒഴിച്ച് നിര്‍ത്തിയാല്‍ മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്ക പുറത്തെടുക്കുന്നത്. വിജയിച്ച നാല് മത്സരങ്ങളിലും 100 റണ്‍സിന് മുകളിലുള്ള വിജയം സ്വന്തമാക്കുകയും ചെയ്തു. ബാറ്റര്‍മാരുടെ മിന്നും പ്രകടനമാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. പാകിസ്താനെ പരാജയപ്പെടുത്തി സെമിയിലേക്കുള്ള ദൂരം കുറക്കാനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.