പിണറായിയോടൊപ്പം കേരളീയം ഫ്‌ളക്‌സില്‍ ഇടം പിടിക്കാനുള്ള ഓട്ടത്തില്‍ ലൈഫ് മിഷനെ മറന്ന് എം ബി രാജേഷും ബാലഗോപാലും

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അണിനിരക്കുന്ന സര്‍ക്കാര്‍ പ്രചാരണ പരിപാടിക്ക് ചെലവിടുന്നത് കോടിക്കണക്കിന് രൂപ. ഏഴു ദിവസത്തെ കേരളീയം പരിപാടിക്ക് 27 കോടി രൂപയാണ് ചെലവാകുന്നത്. പാവപ്പെട്ടവരുടെ ഭവന പദ്ധതിയായ ലൈഫ് മിഷന് ഏഴു മാസം നല്‍കിയത് വെറും 18 കോടി രൂപയും.

9 ലക്ഷം പേര്‍ ലൈഫ് മിഷന്‍ വീടിന് വേണ്ടി ക്യൂ നില്‍ക്കുമ്പോള്‍ ധനവകുപ്പ് ലൈഫ് മിഷന് പണം നല്‍കുന്നില്ലെന്ന് പ്ലാനിംഗ് ബോര്‍ഡ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

717 കോടിയാണ് ഈ സാമ്പത്തിക വര്‍ഷം ലൈഫ് മിഷനായി വകയിരുത്തിയത്. 2.55 ശതമാനമാണ് ഇതുവരെയുള്ള പദ്ധതി ചെലവ്. ലൈഫ് മിഷന് നല്‍കിയത് 18 .28 കോടി മാത്രം.

സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ 5 മാസം മാത്രം ഉള്ളപ്പോള്‍ ലൈഫ് മിഷന്‍ പദ്ധതി ചെലവ് പരമാവധി 10 ശതമാനത്തില്‍ ചുരുങ്ങിയേക്കാം. സര്‍ക്കാരിന്റെ പ്രസ്റ്റിജ് പരിപാടിയെന്ന് പി.ആര്‍ സ്തുതികള്‍ മുഴങ്ങുന്ന ലൈഫ് മിഷന്റെ നിലവിലെ അവസ്ഥ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ്.

നികുതികള്‍ പിരിച്ചെടുക്കുകയും ധൂര്‍ത്ത് കുറയ്ക്കുകയും ചെയ്യുക എന്ന ലളിതമായ ധനകാര്യ മാനേജ്‌മെന്റ് പയറ്റിയാല്‍ തന്നെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ പിടിച്ച് നിര്‍ത്താം. എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍ എന്ന സരോജ്കുമാര്‍ ശൈലിയിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നോട്ട് പോകുന്നത്.

7 ദിവസത്തെ കേരളിയ മാമാങ്കത്തിന്റെ അന്തിമ ബില്ലുകളുടെ കണക്കെടുമ്പോള്‍ 100 കോടി കവിയും എന്നാണ് ധനവകുപ്പില്‍ നിന്നുള്ള സൂചന. അതായത് 2500 ലൈഫ് മിഷന്‍ വീട് നിര്‍മിക്കാനുള്ള തുകയാണ് ധൂര്‍ത്തടിച്ച് കളയുന്നത്. പിണറായിയോടൊപ്പം കേരളീയം ഫ്‌ലക്‌സില്‍ സ്ഥാനം പിടിക്കാനുള്ള ഓട്ടത്തില്‍ ലൈഫ് മിഷന് പണം ലഭിക്കുന്നതില്‍ മന്ത്രി എം.ബി. രാജേഷ് പൂര്‍ണ്ണ പരാജയം എന്ന് വ്യക്തം. ധൂര്‍ത്തിന് പണം അനുവദിക്കുന്നതില്‍ പിശുക്ക് കാണിക്കാത്ത ധനമന്ത്രി ബാലഗോപാല്‍ ലൈഫ് മിഷനെ കണ്ടില്ലെന്ന് നടിക്കുകയാണ്.