കൊച്ചി: സിനിമകളെ നെഗറ്റീവ് റിവ്യൂ നല്‍കി തകർക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. ‘റാഹേൽ മകൻ കോര” എന്ന ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രഹാമിന്റെ പരാതിയില്‍ എറണാകുളം സെൻട്രൽ പൊലീസാണ് ഇത് സംബന്ധിച്ച ആദ്യത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമാ പ്രമോഷൻ കമ്പനിയായ ‘സ്നേക് പ്ലാന്റ്” ഉടമ ഹൈൻസ് ഒന്നാം പ്രതിയായ കേസില്‍ സിനിമാ നിരൂപകന്‍ അശ്വന്ത് കോക്ക്, അരുൺ തരങ്ക, അനൂപ് അനു എന്നിവരും എന്‍ വി ഫോക്കസ്, ട്രെന്‍ഡ് സെക്ടർ 24*7 എന്നീ ഓണ്‍ലൈന്‍ ചാനലുകള്‍ക്കുമെതിരേയാണ് കേസ്. ഇതോടൊപ്പം തന്നെ യൂട്യൂബിനെയും ഫേസ്ബുക്കിനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ഭീഷണിപ്പെടുത്തി പണംതട്ടൽ, നേരിട്ടോ അല്ലാതെയോ ഒരാളെ ഭയപ്പെടുത്തൽ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിനിമാ വ്യവസായത്തെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു പരാതിയുമായി മുന്നോട്ട് പോയതെന്നാണ് ഉബൈനി വ്യക്തമാക്കുന്നത്. മോശം റിവ്യൂ കാരണം തന്റെ സിനിമയുടെ നിർമ്മാതാവിന് 19 ലക്ഷം രൂപ നഷ്ടമായി. പ്രമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കൊച്ചിയിലും മാദ്ധ്യമങ്ങളെ കണ്ടെങ്കിലും പ്രമുഖ യൂട്യൂബ് ചാനലുകൾ ബഹിഷ്കരിച്ചെന്നും അദ്ദേഹം പറയുന്നു. സംവിധായകന്റെ പരാതിയില്‍ കേസെടുത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടാവുന്നത്. പണം മുടക്കി സിനിമ കണ്ടവന് അതേക്കുറിച്ച് അഭിപ്രായം പറയാന്‍ അവകാശമില്ലേയെന്ന പതിവ് ചോദ്യത്തിന് അപ്പുറമുള്ള അഭിപ്രായങ്ങളും പ്രേക്ഷകരില്‍ നിന്നും ഉണ്ടാവുന്നുണ്ട്. സിനിമ മികച്ചതല്ലെങ്കില്‍ റിവ്യൂവേഴ്സിനെ കുറ്റം പറഞ്ഞതുകൊണ്ട് കാര്യമുണ്ടോ? ക്വാളിറ്റിയില്ലാത്ത സിനിമകള്‍ ചെയ്തുവെച്ചിട്ട് അഭിപ്രായ സ്വാതന്ത്രം ഇല്ലായ്മ ചെയ്താല്‍ മലയാള സിനിമ രക്ഷപ്പെടുമോയെന്ന ചോദ്യങ്ങളും പലരും ഉന്നയിക്കുന്നു.

ഇതുവരെ ഒരു കോടതിയും നിരോധിക്കാത്ത സാഹചര്യത്തില്‍ സിനിമകളുടെ റിവ്യൂ ചെയ്യുന്നത് തുടരുമെന്നാണ് അശ്വന്ത് കോക്ക് വ്യക്തമാക്കുന്നത്. തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി വാർത്തകളിലൂടെയാണ് അറിഞ്ഞത്. അല്ലാതെ അത് സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. അങ്ങനെ എന്തെങ്കിലും വന്നാല്‍ നിയമപരമായി നേരിടുമെന്നും അശ്വന്ത് വ്യക്തമാക്കി. റാഹേല്‍ മകന്‍ കോര എന്ന സിനിമയുടെ സംവിധായകനാണ് ഇപ്പോള്‍ കേസ് കൊടുത്തിരിക്കുന്നത്. ഞാന്‍ ആ സിനിമ കാണുകയോ അതേക്കുറിച്ച് മോശം അഭിപ്രായം പറയുകയും ചെയ്തിട്ടില്ല. അത് മാത്രമല്ല, ആ ആഴ്ച ഇറങ്ങിയ മറ്റ് സിനിമകളും കണ്ടില്ല. എല്ലാവരും തിയേറ്ററില്‍ പോയി ഈ സിനിമകളെല്ലാം കണ്ട് മലയാള സിനിമയെ രക്ഷപ്പെടുത്തണമെന്നാണ് പറഞ്ഞത്. എന്നിട്ട് എന്ത് പറഞ്ഞുവെന്നും അദ്ദേഹം ചോദിക്കുന്നു. കേസ് വന്നാല്‍ നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം. ഒരു കേസ് ഇപ്പോള്‍ ആർക്കും ആർക്കെതിരേയും കൊടുക്കാം. സ്റ്റേഷനില്‍ പരാതിയുമായി ചെന്നാല്‍ അത്തരമൊരു നടപടിയുണ്ടാകും. നഷ്ട പരിഹാരം ചോദിച്ചാല്‍ 5 പൈസ നല്‍കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. കോടതി ശിക്ഷിക്കുകയാണെങ്കില്‍ ജയിലില്‍ പോകും. അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും അശ്വന്ത് കോക്ക് വ്യക്തമാക്കുന്നു.