തിരുവനന്തപുരം: ഭരണം കാര്യക്ഷമമാണോ എന്ന് വിലയിരുത്താനുള്ള മാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പദ്ധതി വിഹിതത്തിന്റെ വിനിയോഗം. സാമ്പത്തിക വര്‍ഷം പിന്നിട്ടിട്ട് 7 മാസം കഴിയുമ്പോള്‍ പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ മുഖ്യമന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും പൂര്‍ണ്ണ പരാജയമാണെന്ന് പ്ലാനിംഗ് ബോര്‍ഡ് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തദ്ദേശ മന്ത്രി എം.ബി രാജേഷ്, ന്യൂനപക്ഷ ക്ഷേമ മന്ത്രി വി. അബ്ദുറഹ്‌മാന്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ പിണറായിക്ക് പിന്നില്‍ ഒരു പരാജയമായി അണി നിരന്നിട്ടുണ്ട്.
ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനിലാണ് പദ്ധതി വിഹിതം ചെലവഴിച്ചവരില്‍ മുന്നില്‍. ഭക്ഷ്യ സിവില്‍ സപ്ലൈസിന് പദ്ധതി വിഹിതമായി 71.34 കോടിയാണ് വകയിരുത്തിയത്. ചെലവ് 158.68 ശതമാനമാണ്. സപ്ലൈകോയ്ക്ക് ആവശ്യമായ തുക നല്‍കാന്‍ ധനവകുപ്പ് തയ്യാറായിരുന്നെങ്കില്‍ ജി.ആര്‍. അനിലിന്റെ പദ്ധതി ചെലവ് ഇനിയും ഉയര്‍ന്നേനെ.
വിശപ്പ് രഹിത പദ്ധതിക്ക് 2 കോടി വകയിരുത്തിയെങ്കിലും 1 കോടി മാത്രമാണ് ജി.ആര്‍. അനില്‍ ചെലവിട്ടത്. പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ സി.പിഎം മന്ത്രിമാരില്‍ മുന്നില്‍ വി. ശിവന്‍കുട്ടിയാണ്. പൊതു വിദ്യാഭ്യാസത്തില്‍ പദ്ധതി ചെലവ് 51 ശതമാനവും തൊഴില്‍ വകുപ്പില്‍ 55 ശതമാനവും 7 മാസത്തിനുള്ളില്‍ ചെലവഴിക്കാന്‍ ശിവന്‍കുട്ടിക്ക് കഴിഞ്ഞു.
എം.ബി രാജേഷിന്റെ പഞ്ചായത്ത് വകുപ്പിന്റേയും ആന്റണി രാജുവിന്റെ ഗതാഗത വകുപ്പിന്റേയും പദ്ധതി ചെലവ് പൂജ്യം ആണ്. എം.ബി രാജേഷിന്റെ കീഴിലുള്ള ലൈഫ് മിഷന്റെ പദ്ധതി ചെലവാകട്ടെ 2.55 ശതമാനവും. ലോക കേരള സഭയുടെ പേരില്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങള്‍ കുടുംബ സമേതം ചുറ്റികറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ കീഴിലുള്ള നോര്‍ക്കക്ക് ചെലവഴിച്ചത് 1.77 ശതമാനം മാത്രം.
മന്ത്രിമാരും വകുപ്പുകളും പദ്ധതി ചെലവും (ശതമാനത്തില്‍ ) ചുവടെ :
- പിണറായി വിജയന്‍ (നോര്‍ക്ക – 1.55, ആഭ്യന്തരം – 20.55)
- വി. വാസവന്‍ ( സഹകരണം – 6.28)
- പി. രാജിവ് ( നിയമം-2.94, വ്യവസായം – 34.13)
- ആന്റണി രാജു ( ഗതാഗതം – 0 , മോട്ടോര്‍ വെഹിക്കിള്‍ – 15.23) കെ. രാധാകൃഷ്ണന്‍ ( പട്ടികജാതി വകുപ്പ് – 39.88)
- എം.ബി. രാജേഷ് ( പഞ്ചായത്ത് – 0 , ലൈഫ് മിഷന്‍ – 2.55) സജി ചെറിയാന്‍ ( സാംസ്‌കാരികം – 26.23, ഫിഷറിസ് – 45.23) വീണ ജോര്‍ജ് ( ആരോഗ്യം – 43.69 )
- വി. ശിവന്‍കുട്ടി ( പൊതു വിദ്യാഭ്യാസം – 51, തൊഴില്‍ – 55.54)
- കെ.എന്‍. ബാലഗോപാല്‍ ( ധനം – 20.74)
- പി. എ.മുഹമ്മദ് റിയാസ് ( മരാമത്ത് – ബില്‍ഡിംഗ്‌സ് – 21.53, നാഷണല്‍ ഹൈവേ -0.44, റോഡ്, പാലം -39.13, ടൂറിസം – 47.01)
- ബിന്ദു (സാമൂഹ്യ നീതി 18.55, കോളേജിയറ്റ് എഡ്യുക്കേഷന്‍-28)
- അഹമ്മദ് ദേവര്‍ കോവില്‍ ( പോര്‍ട്ട് – 3.66)
- എ.കെ. ശശിന്ദ്രന്‍ ( വനം – 20.61)
- ചിഞ്ചുറാണി ( മൃഗസംരക്ഷണം – 14.48, ക്ഷീര വികസനം – 18.21 )
- പി. പ്രസാദ് ( കൃഷി – 18 . 12)
- കെ. രാജന്‍ ( റവന്യു – 7.76)
- ജി ആര്‍. അനില്‍ (ഭക്ഷ്യ , സിവില്‍ സപ്ലൈസ് – 158.68)
- കെ. കൃഷ്ണന്‍ കുട്ടി ( ഊര്‍ജം – 50.06)
- റോഷി അഗസ്റ്റിന്‍ ( ജലസേചനം – 29.8, കുട്ടനാട് പാക്കേജ് – 9.45 )
- വി. അബ്ദു റഹിമാന്‍ ( സ്‌പോര്‍ട്‌സ് – 17.85, ന്യൂനപക്ഷ ക്ഷേമം – 1.35 )