തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരില്‍ ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. സി.എം കപ്പ് ഇന്റര്‍നാഷണല്‍ ടെന്നീസ് ടൂര്‍ണ്ണമെന്റ് എന്നാണ് പേരിട്ടിരിക്കുന്നത്. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. (CMs Cup International Tennis Tournament Kerala)
തിരുവന്തപുരം ടെന്നീസ് ക്ലബാണ് സംഘാടകര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 64 കളിക്കാരെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 82.77 ലക്ഷം ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പേരിലുള്ള കപ്പ് ആയതിനാല്‍ 40 ലക്ഷം സര്‍ക്കാര്‍ തരണമെന്നാണ് ടെന്നിസ് ക്ലബ് അധികൃതരുടെ ആവശ്യം.
ഈമാസം 11ന് 40 ലക്ഷം ആവശ്യപ്പെട്ട് ട്രിവാന്‍ഡ്രം ടെന്നിസ് ക്ലബ്ബ് സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കി. തന്റെ പേരിലെ കപ്പായതിനാല്‍ പണം നല്‍കാന്‍ മുഖ്യമന്ത്രി അമാന്തം കാണിച്ചില്ല. കത്ത് കിട്ടി മൂന്നാം ദിവസം 40 ലക്ഷം അനുവദിച്ച് സ്‌പോര്‍ട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഉത്തരവ് ഇറക്കി. ഒരു ട്രഷറി നിയന്ത്രണവും ബാധകമല്ല. ഉത്തരവിന്റെ പകര്‍പ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനും നല്‍കിയിട്ടുണ്ട്.
ഇതിനിടയില്‍ സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് സംസ്ഥാനം വിടാനൊരുങ്ങുകയാണ് കേരള കായിക താരങ്ങള്‍. ദേശീയ ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിക്കില്ലെന്ന് ട്രിപ്പിള്‍ ജംപ് താരങ്ങളായ എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും അത്‌ലറ്റിക് അസോസിയേഷനെ അറിയിച്ചു. ബാഡ്മിന്റണ്‍ താരം എച്ച്.എസ്. പ്രണോയ് അടക്കമുള്ളവരും ഇനി കേരളത്തിനായി മത്സരിക്കില്ലെന്ന നിലപാടിലാണ്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണവും വെള്ളിയും നേടിയ താരങ്ങളാണ് വലിയ സ്വപ്നങ്ങള്‍ക്ക് പ്രോല്‍സാഹനം പോലും നല്‍കാത്ത സര്‍ക്കാരിന്റെ അവഗണനക്കെതിരെ സംസ്ഥാനം വിട്ട് പ്രതിഷേധിക്കുന്നത്. എത്ര വലിയ മെഡല്‍ നേടിയാലും കേരളത്തില്‍ നിന്ന് ആരും വിളിക്കില്ലെന്ന് ഉറപ്പെന്നാണ് താരങ്ങളുടെ പ്രതികരണം. ബാഡ്മിന്റന്‍ താരം എച്ച്.എസ്.പ്രണോയ് ഇനി കേരളത്തിനായി മല്‍സരിക്കില്ലെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.
ലോക ബാഡ്മിന്റന്‍ ചാംപ്യന്‍ഷിപ്പിലടക്കം മെഡല്‍ നേടിയിട്ടും ആരും തിരിഞഞ്ഞുനോക്കുന്നില്ലെന്നാണ് പ്രണോയിയുടെ പരാതി. ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടിയ പ്രണോയ് ഇനി തമിഴ്‌നാടിനായി മല്‍സരിക്കും. പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാമെന്ന പതിവ് മറുപടിയാണ് കായിക മന്ത്രി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രിയുടെ പേരിലുള്ള ടെന്നീസ് ടൂര്‍ണ്ണമെന്റിന് പണം അനുവദിക്കാന്‍ സര്‍ക്കാരിന് ചര്‍ച്ചയും ആലോചനയും ഒന്നും വേണ്ടിവന്നില്ലെന്നതാണ് പ്രസക്തം.