ഈരാട്ടുപേട്ട തീവ്രവാദ പ്രശ്‌നമുള്ള സ്ഥലം: കോട്ടയം എസ്.പിയുടെ റിപ്പോര്‍ട്ട് വിവാദത്തില്‍

കോട്ടയം: എസ്.പി കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ട് വിവാദത്തില്‍. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് എസ്.പി നല്‍കിയ റിപ്പോര്‍ട്ടിലാണ് വിവാദം. ഈരാറ്റുപേട്ട തീവ്രവാദ പ്രശ്നം നിലനില്‍ക്കുന്ന സ്ഥലമെന്നാണ് എസ്.പിയുടെ റിപ്പോര്‍ട്ട്.

റവന്യു ടവര്‍ നിര്‍മാണത്തിനായി സ്ഥലം കൈമാറാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഇതില്‍ എതിര്‍പ്പറിയിച്ചായിരുന്നു കോട്ടയം എസ്.പി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കേസുകളില്‍ പിടിക്കുന്ന വാഹനം സൂക്ഷിക്കാനും പൊലീസ് ക്വാട്ടേഴ്സ്, തീവ്രവാദ വിരുദ്ധ പരിശീലന കേന്ദ്രം എന്നിവ നിര്‍മ്മിക്കാനും ഈ സ്ഥലം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തീവ്രവാദ പ്രശ്നങ്ങളും മതപരമായ പ്രശ്നങ്ങളും നിലനില്‍ക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്ന പരാമര്‍ശവും ഉണ്ട്.

ഇതിനെതിരെ ജനകീയ പ്രതിഷേധം ഒരുങ്ങുകയാണ്. പ്രത്യക്ഷത്തില്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും മതവിഭാഗത്തിനെ സംബന്ധിച്ച സൂചന ഇല്ല. എന്നാല്‍ ചില വാചകങ്ങള്‍ വ്യാഖ്യാനിച്ച് കൊണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ അതില്‍ ആവശ്യമായ തിരുത്ത് വരുത്താന്‍ ആഭ്യന്തരവകുപ്പ് ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ജനകീയ സമരത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം. ആന്റോ ആന്റണി അടക്കമുള്ള ജനപ്രതിനിധികളും എസ്.പിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments