തിരുവനന്തപുരം: വിരുദ്ധ ചേരിയില്‍ നിന്ന് സിപിഎമ്മിലേക്ക് കുടിയേറിയവരുടെ സ്ഥാനാര്‍ത്ഥി മോഹം പരിഹരിക്കുന്നത് എങ്ങനയെന്ന ചിന്തയിലാണ് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍. കെ.പി. അനില്‍കുമാര്‍, പി.സി. ചാക്കോ, കെ.വി തോമസ് എന്നിവരാണ് സീറ്റിനായി രംഗത്തെത്തിയിരിക്കുന്നത്. കോഴിക്കോട് സീറ്റിലാണ് കെ.പി. അനില്‍ കുമാറിന്റെ നോട്ടം. ചാലക്കുടിയാണ് പി.സി. ചാക്കോയുടെ ലക്ഷ്യം. ലോകസഭയില്‍ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.വി. തോമസിന്റെ കണ്ണ് 2024 മെയ് മാസം ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലാണ്.
കെ.പി.സി.സിയുടെ സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെ.പി. അനില്‍കുമാര്‍ ഇടതുപക്ഷം തുടര്‍ഭരണം പിടിച്ചതോടെയാണ് സിപിഎമ്മില്‍ ചേക്കേറിയത്. പിണറായിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിച്ചതോടെ ഒഡെപെക് ചെയര്‍മാന്‍ സ്ഥാനം കെ.പി. അനില്‍കുമാറിന് ലഭിച്ചു. ആ കസേര ലക്ഷ്യമിട്ട ഒരുകൂട്ടം സി.പി.എം നേതാക്കളെ മറികടന്നായിരുന്നു കെ.പി അനില്‍കുമാറിനെ ഒഡെപെകിന്റെ തലപ്പത്ത് പിണറായി പ്രതിഷ്ഠിച്ചത്.
മണിയടിച്ച് സ്ഥാനം നേടാന്‍ പണ്ടേ മിടുക്കനായ കെ.പി അനില്‍കുമാര്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ റിയാസിന്റെ അതിവിശ്വസ്തനായി മാറി. കോഴിക്കോട് ജില്ലയുടെ ചാര്‍ജ് ഉള്ള മന്ത്രി കൂടിയാണ് റിയാസ്. റിയാസിന്റെ പിന്തുണയില്‍ സീറ്റ് തരപ്പെടുത്താനാണ് കെ.പി. അനില്‍ കുമാറിന്റെ ശ്രമം. യു.ഡി.എഫിനായി കോഴിക്കോട് മല്‍സരിക്കുക സിറ്റിംഗ് എംപി എം.കെ. രാഘവന്‍ ആയിരിക്കും. മുഹമ്മദ് റിയാസ്, എ. വിജയരാഘവന്‍, എ. പ്രദീപ് കുമാര്‍ എന്നിവരെ പരാജയപ്പെടുത്തി കോഴിക്കോട് ഹാട്രിക് വിജയം നേടിയ കരുത്തനാണ് എം.കെ. രാഘവന്‍. തനിക്ക് സീറ്റ് ലഭിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് കെ.പി. അനില്‍ കുമാറിന്റെ അവകാശവാദം.
കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എന്‍.സി.പി സംസ്ഥാന അദ്ധ്യക്ഷനായ പി.സി.ചാക്കോ ചാലക്കുടിയില്‍ മല്‍സരിക്കാനുള്ള ആഗ്രഹം പിണറായിയോട് തുറന്ന് പറഞ്ഞിരിക്കുകയാണ്. 2014 ല്‍ ഇന്നസെന്റിനോട് ചാലക്കുടിയില്‍ ചാക്കോ പരാജയപ്പെട്ടിരുന്നു. 2019 ല്‍ ഇന്നസെന്റിനെ പരാജയപ്പെടുത്തി ബെന്നി ബെഹനാന്‍ ചാലക്കുടി സീറ്റ് യു.ഡി.എഫ് ക്യാമ്പിലെത്തിച്ചു. തൃശൂര്‍ ജില്ലയിലെ വ്യക്തി ബന്ധങ്ങള്‍ ചാലക്കുടിയില്‍ വോട്ടായി മാറുമെന്ന് ചാക്കോ പ്രതീക്ഷിക്കുന്നു. ഇതിന്റെ കണക്കുകള്‍ സഹിതം പിണറായിക്ക് ചാക്കോ സമര്‍പ്പിച്ചു കഴിഞ്ഞു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിട പറഞ്ഞ കെ.വി തോമസ് രാജ്യസഭ സീറ്റിനായി വല വിരിച്ചിരിക്കുകയാണ്. 2024 മെയ് മാസം 3 ഒഴിവുകളാണ് കേരളത്തില്‍ നിന്ന് രാജ്യാസഭയിലേക്ക് വരുന്നത്. എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ മാണി എന്നിവരുടെ രാജ്യസഭ സീറ്റുകളാണ് ഒഴിവ് വരുന്നത്. കക്ഷി നില അനുസരിച്ച് 2 എണ്ണം എല്‍ ഡി എഫിനും 1 എണ്ണം യു.ഡി.എഫിനും ജയിക്കാം. ജയിക്കാന്‍ സാധിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്ന് തനിക്ക് വേണമെന്നാണ് കെ.വി തോമസിന്റെ ആവശ്യം.
കോഴിക്കോടും ചാലക്കുടിയും സീറ്റ് പ്രതീക്ഷിച്ചിരിക്കുന്ന പരമ്പരാഗത സിപിഎമ്മുകാര്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് കെ.പി അനില്‍ കുമാറിന്റേയും പി.സി ചാക്കോയുടേയും ആഗ്രഹങ്ങള്‍. കെ.വി തോമസ് ലക്ഷ്യമിടുന്ന രാജ്യസഭ സീറ്റില്‍ കണ്ണുനട്ട് ഐസക്ക്, ജെയ്ക്ക് സി തോമസ്, ചിന്ത ജെറോം എന്നീ നേതാക്കളും രംഗത്തുണ്ട്. പിണറായിയെ മണിയടിച്ച് കോണ്‍ഗ്രസ് വിട്ട മൂവര്‍ സംഘം കോഴിക്കോടും ചാലക്കുടിയും രാജ്യസഭ സീറ്റും തരപ്പെടുത്തുമോ എന്ന ആശങ്കയിലാണ് പരമ്പരാഗത സിപിഎമ്മുകാര്‍.