തിരുവനന്തപുരം: നിരവധി ആരോപണങ്ങളിലും ഭരണ പരാജയത്തിലും ആടിയുലയുകയാണ് പിണറായി വിജയന്‍ സര്‍ക്കാര്‍. ഇതോടെ തെരഞ്ഞെടുപ്പ് പരാജയം ഒഴിവാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയമസഭ മണ്ഡലങ്ങളും സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ്. 100 കോടി മുടക്കിയാണ് ജനസദസ്സ് ഒരുക്കുന്നത്.

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ മുതല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ ഗൂഢാലോചനയും പണമില്ലാതിരിക്കുന്ന സര്‍ക്കാര്‍ ഖജനാവും ഒരു ഓടപോലും പണിയാന്‍ പറ്റാത്ത സാമ്പത്തികാവസ്ഥയും പിണറായിയെ വെള്ളം കുടിപ്പിക്കുന്നുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ വികാരം ഇതുപോലെ പോകുകയാണെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പച്ച തൊടില്ലെന്ന ചിന്ത സിപിഎമ്മിനുമുണ്ട്. ഇതിനെ മറികടക്കാന്‍ ചില സ്റ്റേജ് പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് സര്‍ക്കാര്‍. അതില്‍ പ്രധാനപ്പെട്ടതാണ് മുഖ്യമന്ത്രിയുടെ ജനസദസ്സ്. പക്ഷേ, പേരില്‍ മാത്രമേ ജനമുള്ളൂ. കാര്യമുള്ളത് പൗരപ്രമുഖര്‍ക്കാണ്.

ലോകസഭ തെരഞ്ഞെടുപ്പ് നവംബര്‍ 18 മുതല്‍ 24 വരെയാണ് സന്ദര്‍ശനം. ഓരോ മണ്ഡലത്തിലും എം.എല്‍.എ മാര്‍ക്കാണ് നേതൃത്വ ചുമതല. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് നടക്കുന്ന പരിപാടിയില്‍ പ്രതിപക്ഷം പങ്കെടുക്കുന്നില്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷ എംഎല്‍എ മാരുടെ മണ്ഡലങ്ങളില്‍ പരിപാടിയുടെ ചുമതല പാര്‍ട്ടി ഭാരവാഹികള്‍ക്കായിരിക്കും.

അതാതു സ്ഥലങ്ങളിലെ പൗര പ്രമുഖരുമൊത്ത് മുഖ്യമന്ത്രി പ്രഭാത ഭക്ഷണം കഴിക്കും. മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും സംഘടിപ്പിക്കും. കെ റയില്‍ പ്രചാരണ സമയത്തും വിവിധ ജില്ലകളില്‍ പൗര പ്രമുഖരുമായി മുഖ്യമന്ത്രി യോഗം നടത്തിയിരുന്നു. പൗര പ്രമുഖരെ ആശ്രയിച്ചാണ് മുഖ്യമന്ത്രിയുടെ എല്ലാ പൊതുപരിപാടികളും ആസൂത്രണം ചെയ്യപ്പെടുന്നത്. ഓണത്തിന് സമൂഹത്തിലെ ഉന്നതരെ മുഖ്യമന്ത്രി സദ്യയൊരുക്കി സ്വീകരിച്ചിരുന്നു.

വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടത്തും. പരിപാടി വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചാരണം, തയ്യാറെടുപ്പുകള്‍, ചെലവ്, മറ്റ് അനുബന്ധ ആവശ്യങ്ങള്‍ എന്നിവയുടെ ചുമതല ചീഫ് സെക്രട്ടറിക്കാണ്. 100 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 കോടി കിഫ്ബിയും 50 കോടി സര്‍ക്കാരും മുടക്കുമെന്നാണ് സെക്രട്ടേറിയേറ്റില്‍ നിന്ന് ലഭിക്കുന്ന സൂചന.

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയുള്ള ജനസദസ്സിലെ പ്രധാന അജണ്ട രാവിലെ ഒമ്പത് മണിക്കുള്ള പ്രഭാത യോഗങ്ങളാണ്. അതാത് പ്രദേശങ്ങളിലെ പൗരപ്രമുഖര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം. ശേഷം 11 മണി മുതല്‍ ഓരോ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയുടെ 15 മിനിട്ട് നീളുന്ന പ്രസംഗത്തോടെയുള്ള പൊതുപരിപാടികള്‍. ഈ യോഗങ്ങളിലൊന്നും ജനങ്ങള്‍ക്ക് നേരിട്ട് മുഖ്യമന്ത്രിയോട് പരാതികളോ നിര്‍ദ്ദേശങ്ങളോ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ലെന്നതാണ് ശ്രദ്ധേയം.