തിരുവനന്തപുരം: കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യമിട്ട് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളായ എ.കെ. ബാലനും തോമസ് ഐസക്കും. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ രാജിവെച്ചൊഴിഞ്ഞതിന് ശേഷം രണ്ടരവര്‍ഷമായി ഒഴിഞ്ഞ് കിടക്കുകയാണ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം.
2021 ല്‍ വി.എസ് അച്യുതാനന്ദന്‍ രാജിവെച്ച ശേഷം പലരും ആ കസേര ലക്ഷ്യമിട്ടെങ്കിലും നിയമനം നടത്താതെ നീട്ടി കൊണ്ട് പോകുകയായിരുന്നു പിണറായി. ഭൈമി കാമുകന്‍മാരുടെ എണ്ണം കൂടിയതായിരുന്നു കാരണം. രണ്ട് തവണ മല്‍സരിച്ചവര്‍ക്ക് സീറ്റില്ല എന്ന മാനദണ്ഡത്തില്‍ നിയമസഭയില്‍ മല്‍സരിക്കാന്‍ സാധിക്കാതെ വന്നവരില്‍ പ്രമുഖരാണ് എ.കെ. ബാലനും തോമസ് ഐസക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ നെടും തൂണുകളായിരുന്നു ഇരുവരും. എ.കെ. ബാലന്‍ പോളിറ്റ് ബ്യൂറോ അംഗമാകാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും മോഹം സാക്ഷാത്കരിച്ചില്ല. എ.കെ. ബാലന്‍ മോഹിച്ച പോളിറ്റ് ബ്യൂറോ കസേര എ. വിജയരാഘവന്‍ കൊണ്ട് പോയി. സമാന ദുരന്തം ആണ് ഐസക്കിനും സംഭവിച്ചത്.
രാജ്യസഭ സീറ്റിലൂടെ കേന്ദ്രത്തില്‍ രാഷ്ട്രീയം പ്രസംഗിക്കാമെന്ന് മോഹിച്ച ഐസക്കിന് എ.എ.റഹീം രാജ്യസഭ സീറ്റ് കൊത്തിക്കൊണ്ട് പോകുന്നത് കണ്ട് നില്‍ക്കേണ്ടി വന്നു. മുഹമ്മദ് റിയാസിന്റെ പിന്‍ബലത്തിലാണ് എ.എ. റഹീം രാജ്യസഭ സീറ്റ് ഉറപ്പിച്ചത്. എന്നാലും, എ.കെ. ബാലന്‍ നിരാശപ്പെടാതെ പിണറായിക്ക് വേണ്ടി അരയും തലയും മുറുക്കി സജീവമാണ്. വീണ വിജയന്റെ മാസപ്പടിയിലും ഐ.ജി.എസ്.ടി തട്ടിപ്പിലും പിണറായിയെ പ്രതിരോധിക്കാന്‍ എ.കെ. ബാലനാണ് രംഗത്തിറങ്ങിയത്.
വീണ വിജയനെ ന്യായീകരിക്കാന്‍ ഐസക്ക് മെനക്കെട്ടില്ല എന്നു മാത്രമല്ല ചിന്തയില്‍ സര്‍ക്കാരിന്റെ പോരായ്മകളെ കുറിച്ച് ലേഖനവും എഴുതി. ലേഖനത്തില്‍ ഉടനീളം സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളായിരുന്നു. പിണറായിക്കും റിയാസിനും താല്‍പര്യം എ.കെ. ബാലനെയാണ്. യെച്ചൂരി, ബേബി എന്നിവരുടെ പിന്തുണ ഐസക്കിനുണ്ട്.
ഭരണപരിഷ്‌കാര കമ്മീഷന്‍ സ്ഥാനം എന്നത് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളെ പ്രതിഷ്ഠിക്കാനുള്ള സ്ഥാനമായിട്ടാണ് പിണറായി കണ്ടുവരുന്നത്. 2016 ല്‍ വി.എസ് അച്യുതാനന്ദനെ മുന്നില്‍ നിറുത്തിയായിരുന്നു ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജയിച്ചതോടെ വിഎസിനെ മൂലക്കിരുത്തി പിണറായി മുഖ്യമന്ത്രി കസേര പിടിച്ചെടുത്തു.
തര്‍ക്കം രൂക്ഷമായതോടെ യെച്ചൂരി ഇടപെട്ട് വിഎസിനെ ക്യാബിനറ്റ് റാങ്കില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കി. 25 പേഴ്‌സണല്‍ സ്റ്റാഫും ഔദ്യോഗിക വസതിയും ഒക്കെ വി.എസിന് ലഭിച്ചു. മുഖ്യമന്ത്രി കസേരയില്‍ നിന്ന് തെറിപ്പിച്ച പിണറായിയോട് കലിപ്പ് ഉണ്ടായിരുന്നെങ്കിലും തുറന്നെതിര്‍ക്കാനുള്ള ആരോഗ്യം വി.എസിന് ഇല്ലായിരുന്നു.
അടങ്ങി ഒതുങ്ങി ഉറങ്ങി ആ കസേരയില്‍ ഇരുന്ന് വി.എസ് കാലം കഴിച്ചു. ഭരണപരിഷ്‌കാര കമ്മീഷനു വേണ്ടി ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 7 കോടി രൂപ. ജനത്തിന് യാതൊരു പ്രയോജനവും ഭരണപരിഷ്‌കാര കമ്മീഷന് കൊണ്ട് ഉണ്ടായില്ലെന്ന് ചരിത്രം. സര്‍ക്കാര്‍ ചെലവില്‍ ഉണ്ടുറങ്ങാന്‍ ഒരു കസേരയായി ഭരണപരിഷ്‌കാര കമ്മീഷന്‍ മാറി.
കസേര കിട്ടിയാല്‍ കിട്ടുന്ന ലക്ഷങ്ങള്‍ പോക്കറ്റിലാക്കി സര്‍ക്കാരിനെ വാഴ്ത്തി പാടുന്ന ലേഖനങ്ങള്‍ ഐസക്കില്‍ നിന്ന് പ്രതീക്ഷിക്കാം. കസേര ലഭിച്ചാല്‍ വര്‍ധിത വീര്യത്തോടെ പിണറായി കുടുബത്തെ ന്യായികരിക്കാന്‍ എ.കെ. ബാലനും ഇറങ്ങും. കസേര അധിക നാള്‍ ഒഴിച്ച് ഇടേണ്ട എന്നാണ് പിണറായിയുടെ തീരുമാനം. ലോട്ടറി അടിക്കുന്നത് ഐസക്കിനാണോ എ.കെ. ബാലനാണോ എന്ന് വരും ദിവസങ്ങളിലറിയാം.