സതീശനോട് കോര്‍ത്ത് ഐസക്കിന്റെ പിരിവെട്ടി; കണക്കറിയാത്ത ധനതന്ത്രശാസ്ത്രജ്ഞന്റെ പാളിപ്പോകുന്ന നീക്കങ്ങള്‍

പാര്‍ട്ടിയില്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുകയാണ് തോമസ് ഐസക്ക്. മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന സമയമാണ് ഇതിന് ഏറ്റവും നല്ലത് എന്ന് ഐസക്കിന് നന്നായറിയാം. നിയമസഭയിലേക്ക് മല്‍സരിക്കാന്‍ കോപ്പ് കൂട്ടിയ ഐസക്കിനെ രണ്ടു തവണ മല്‍സരിച്ചവര്‍ ഇനി മല്‍സരിക്കണ്ട എന്ന മാനദണ്ഡം ഉയര്‍ത്തി വെട്ടി നിരത്തുകയായിരുന്നു പിണറായി.

ഐസക്കിന് പകരം വന്ന ബാലഗോപാലാകട്ടെ സമ്പൂര്‍ണ്ണ പരാജയമായി മാറി. നിയമസഭയില്‍ ബാലഗോപാലിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന കാഴ്ച സര്‍വ്വ സാധാരണമായി. നികുതി വകുപ്പിന്റെ പോരായ്മകള്‍ സതീശന്‍ അക്കമിട്ട് നിരത്തുമ്പോള്‍ അധ്യാപകന്റെ മുന്നില്‍ ഇരിക്കുന്ന കൊച്ചു കുട്ടിയുടെ അവസ്ഥയിലാണ് ബാലഗോപാല്‍. ഒന്നിനും മറുപടിയില്ല. പറയുന്നതോ മണ്ടത്തരങ്ങളും.

53137 കോടി റവന്യു ഡെഫിസിറ്റായി കേന്ദ്രം അനുവദിച്ച കാര്യം ബാലഗോപാല്‍ നിയമസഭ മറുപടി നല്‍കിയിരുന്നു. ഇതില്‍ പിടിച്ച് സതീശന്‍ കത്തികയറി. മുന്‍ കാലങ്ങളിലേക്കാള്‍ റവന്യൂ ഡെഫിസിറ്റായി കോടികള്‍ കിട്ടി എന്ന് സതീശന്‍ കണക്കുകള്‍ സഹിതം സമര്‍ത്ഥിച്ചു. ബാലഗോപാല്‍ നിരന്തര പരാജയമായതോടെ അവസരം മണത്ത ഐസക്ക് ഫേസ് ബുക്ക് പോസ്റ്റുമായി സതീശനെതിരെ രംഗത്ത് വന്നു.

റവന്യു ഡെഫിസിറ്റ് ഗ്രാന്റ് ഇപ്പോള്‍ ലഭിക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഐസക്ക് ഉയര്‍ത്തിയത്. ബാലഗോപാലിന്റെ നിയമസഭ മറുപടി ഉയര്‍ത്തി വളരെ കൃത്യമായി സതീശന്റെ മറുപടി ഉടന്‍ എത്തി. 2020-21 ല്‍ 15323 കോടി, 21-22 ല്‍ 19891 കോടി, 22-23 ല്‍ 13174 കോടി, 23 – 24 ല്‍ 4749 കോടിയും ഉള്‍പ്പെടെ 53137 കോടി റവന്യൂ ഡെഫിസിറ്റായി ലഭിച്ചു എന്ന് സതീശന്‍ സമര്‍ത്ഥിച്ചു. ഈ ധനപ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഒന്നാം പ്രതി ഐസക്കാണെന്നും സതീശന്‍ തുറന്നടിച്ചു.

വികലമായ രീതിയില്‍ ജി.എസ്.ടി നടപ്പാക്കിയതിലൂടെ ഏറ്റവും കൂടുതല്‍ നികുതി വെട്ടിപ്പ് ഐസക്കിന്റെ കാലത്തുണ്ടായെന്നും നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളത്തെ മാറ്റിയതിന്റെ മുഖ്യ പങ്ക് തോമസ് ഐസക്കിനാണെന്നും സതീശന്‍ പറഞ്ഞു. റവന്യൂ ഡെഫിസിറ്റ് കണക്കില്‍ അമളി പറ്റിയെന്ന് മനസിലാക്കിയ ഐസക്ക് അടുത്ത പോസ്റ്റില്‍ അതിന് മറുപടി പറയാതെ ഒഴിഞ്ഞ് മാറി. നികുതി പിരിക്കാതെ നഷ്ടപ്പെടുത്തി എന്ന സതീശന്റെ ആരോപണം തെറ്റെന്നായി ഐസക്കിന്റെ അടുത്ത പോസ്റ്റ് .

മണ്ടത്തരങ്ങളുടെ നീണ്ട ഘോഷയാത്രയാണ് ഐസക്കിന്റെ പോസ്റ്റെന്ന് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോട്ടറിയില്‍ സംവാദം നടത്തി സതീശന് മുന്നില്‍ തകര്‍ന്നടിഞ്ഞ ചരിത്രമുള്ള ഐസക്ക് ധന പ്രതിസന്ധി പോരിലും പൂര്‍ണ്ണ പരാജയമായി. കണക്കുകള്‍ കള്ളം പറയില്ല. അതുകൊണ്ടാണ് കണക്കുകള്‍ സമര്‍ത്ഥിച്ചുള്ള സംവാദത്തിലും വാക് പോരിലും ഐസക്ക് നിരന്തരം തോല്‍ക്കുന്നതും സതീശന്‍ ജയിക്കുന്നതും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments